ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ പരിശോധനാ ഫലങ്ങള്‍ ഞായറാഴ്ച പുറത്തുവരും. ഡല്‍ഹിയില്‍ നിന്നയച്ച സാമ്പിളുകളുടെ ഫലമാണ് വരാനുള്ളത്. അതിനിടെ, മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത വര്‍ധിപ്പിച്ചു. കര്‍ണാടകയില്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ യോഗം ഞായറാഴ്ച  ചേരും.

60-ല്‍പ്പരം സാമ്പിളുകളുടെ ഫലമാണ് പുറത്തുവരാനുള്ളത്. നിലവില്‍ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കും മഹാരാഷ്ട്ര ഗുജറാത്ത് എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണില്‍ ജാഗ്രത കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ആശങ്കയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകയില്‍ കാണാതായ വിദേശ പൗരന്‍മാര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.

കേരളത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് ഒമിക്രോണ്‍ ആണോയെന്നറിയാന്‍ പരിശോധന നടത്തും. ഇയാളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശനമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Omicron; The test results of about 60 samples sent from Delhi will be revealed on Sunday