പ്രതീകാത്മകചിത്രം | Photo: AFP
രാജ്യത്ത് ഇന്നലെ വരെ 3071 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1203 പേർ രോഗമുക്തി നേടി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിൽ ഇതിനകം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അരുണാചൽ പ്രദേശ്, ബിഹാർ, ദാദ്ര-നാഗർ ഹവേലി, ജാർഖണ്ഡ്, ലക്ഷദ്വീപ്, മിസോറം, നാഗാലാൻറ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലാണ് ഇതുവരെ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്- 876. ഡൽഹിയിൽ 513 കേസുകളാണ് ഇതുവരെ കണ്ടെത്തിയത്. കർണ്ണാടകയും രാജസ്ഥനുമാണ് തൊട്ടുപിന്നിൽ. അഞ്ചാം സ്ഥാനത്തുള്ള കേരളത്തിൽ ഇതുവരെ 284 ഒമിക്രോൺ ബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഒൻപതിടങ്ങളിൽ നൂറിലേറെ ഒമിക്രോൺ ബാധിതരായി കഴിഞ്ഞു.
ഡൽഹിയും വാരാന്ത്യ കർഫ്യൂവിലാണ്. വിദ്യാലയങ്ങൾ ജനുവരി മൂന്നു മുതൽ അടച്ചിടലിലാണ്. ഇന്ന് 17,335 പുതിയ കോവിഡ് കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് രാജ്യതലസ്ഥാനം.
രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത രാജസ്ഥാനിൽ സ്‌കൂളുകൾക്ക് ജനുവരി 17 വരെ അവധി നൽകിയിട്ടുണ്ട്. രാത്രി കർഫ്യൂ തുടരും. 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിയും അനുവദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ (40,925) റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തത്ക്കാലം ലോക്ഡൗൺ ഇല്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. മുംബൈയിലെ സ്‌കൂളുകൾക്ക് ജനുവരി 31 വരെ അവധി നൽകി.
പശ്ചിമ ബംഗാളിൽ ഗംഗാസാഗർ മേളയുടെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
സംസ്ഥാനം ഇപ്പോൾ രാത്രികാല കർഫ്യൂവിലാണ്. 50 ശതമാനം സർക്കാർ / സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിച്ചു. സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. 18,213 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
തെലുങ്കാനയിൽ ജനുവരി 16 വരെയും ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ജാർഖണ്ഡിലും രണ്ടേ രണ്ട് ഒമിക്രോൺ ബാധ മാത്രം കണ്ട പഞ്ചാബിലും 15 വരെയും ഹരിയാനയിൽ 12 വരെയും ഗോവയിൽ 26 വരെയും സ്‌കൂളുകൾ അടച്ചിടും. ഉത്തർപ്രദേശിൽ ഗാസിയാബാദ്, നോയിഡ, ഗ്രെയിറ്റർ നോയിഡ എന്നീ പ്രദേശങ്ങളിൽ ഈ മാസം 14 വരെ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
കേരളത്തിലും കോവിഡ് കേസുകൾ കൂടിവരികയാണ്. വിവാഹം, സമ്മേളനം, തിയേറ്റർ, ഭക്ഷണശാലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആൾക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതു പര്യാപ്തമാവാനിടയില്ല.
ഒമിക്രോണിന്റെ അപകട സാധ്യതകളിലേക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ മാസ്‌ക്കും സാമൂഹിക അകലവും സാനിറ്റൈസറുമെല്ലാം കുറേക്കാലം കൂടി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരും.
Content Highlights: Omicron and the anxious Covid 19 spread in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..