ഓം പ്രകാശ് ചൗട്ടാല
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം.
കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി 87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് ചൗട്ടാല കോടതിയോട് അഭ്യർഥിച്ചു. എന്നാല്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നതിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐയും വാദിച്ചു.
ജയില്‍ ശിക്ഷയ്ക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്തുവകകള്‍ കണ്ടുക്കെട്ടുന്നതിനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷന്‍ കൂടിയായ ചൗട്ടാലയുടെ പഞ്ച്കുള, ഗുരുഗ്രാം, ഹെയ്ലി റോഡ്, അസോള എന്നിവടങ്ങളിലെ വ്സുതുക്കളാകും കണ്ടുക്കെട്ടുക.
1993-നും 2006 നും ഇടയില്‍ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാര്‍ച്ച് 26 നാണ് ചൗട്ടാലയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ജനുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസും അദ്ദേഹത്തിന്റെ മേല്‍ ചുമത്തി.
2013-ലെ അധ്യാപക നിയമനത്തില്‍ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓം പ്രകാശ് ചൗട്ടാലയേയും മകന് അജയ് ചൗട്ടാലയേയും പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലായിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..