ന്യൂഡല്‍ഹി: ജനവികാരം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിലകുറയ്ക്കുമെന്ന പ്രതീക്ഷ തകര്‍ത്ത് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും എണ്ണവില കൂട്ടി. സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു.

പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസയും ഇന്നു കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ് നിലവിലെ വില.

കടിഞ്ഞാണില്ലാതെ പോകുന്ന ഇന്ധന വില വര്‍ധന തടയാന്‍ ഒഎന്‍ജിസിയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഎന്‍ജിസി വില്‍ക്കുന്ന അസംസ്‌കൃത എണ്ണയുടെ വില നിയന്ത്രിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബാരലിന് 70 ഡോളറിന് താഴെയായി വില നിര്‍ത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പെട്രോല്‍ ലിറ്ററിന് രണ്ട് രൂപ വില കുറയും.

രാജ്യത്തെ അസംസ്‌കൃത എണ്ണയുടെ ആവശ്യത്തിന്റെ 20 % ഒഎന്‍ജിസിയാണ് വിതരണം ചെയ്യുന്നത്.

അനുദിനം കൂടുന്ന എണ്ണവില നിയന്ത്രിക്കാന്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടാകുന്ന അസ്ഥിരതയില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. താത്കാലിക പരിഹാരത്തെക്കാള്‍ ഊന്നല്‍ നല്‍കുക ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കായിരിക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പക്ഷേ, വിലവര്‍ധന നിയന്ത്രിക്കാന്‍ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.