'ഞാന്‍ എന്ത് ചെയ്യാനാ, യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ടിന്റെ  ബാധ്യത തിരിച്ചടയ്ക്കണം. പൈസ ഉണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയേനേ?' 

-കത്തിക്കയറുന്ന ഇന്ധന വിലയില്‍ പൊറുതിമുട്ടിയ ജനത്തിന്റെ മുഖത്ത് നോക്കി ഒരു കൂസലുമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞതാണിത്.

ഇന്ധന വിലവര്‍ദ്ധനവിന് കാരണമായ എക്സൈസ് തീരുവ കുറയ്ക്കില്ല. കാരണവും അസന്ദിഗ്ധമായി അവർ വ്യക്തമാക്കി- ഓയില്‍ ബോണ്ട്. അതും യു പി എ സര്‍ക്കാര്‍ ഇറക്കിയത്. അങ്ങനെ ഓയിലില്‍  നിര്‍മ്മലാജി നന്നായി കൈ കഴുകി. 

സത്യമാണ്, യുപി എ സര്‍ക്കാര്‍ ഓയില്‍ ബോണ്ട് ഇറക്കിയിട്ടുണ്ട്, അതിന്റെ പലിശയും മുതലും അടയ്ക്കേണ്ടതുണ്ട്. എന്താണീ ഓയില്‍ ബോണ്ട്? എത്ര അടയ്ക്കാനുണ്ട്?

2005-2010 കാലഘട്ടത്തില്‍ ഇന്ധന വില നിയന്ത്രിക്കാനായി ഓയില്‍ കമ്പനികള്‍ക്ക് നല്‍കേണ്ട 1.44 ലക്ഷം കോടി സബ്സിഡിക്ക് വേണ്ടിയായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഓയില്‍ ബോണ്ട് ഇറക്കിയത്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നല്‍കാന്‍ കയ്യില്‍ പണമില്ലാതിരുന്നതുകൊണ്ട് ബോണ്ടിറക്കി. കുതിച്ചുയര്‍ന്ന ഇന്ധന വില ബാധ്യതയായില്ല എന്നതാണ് പരോക്ഷമായി ജനങ്ങള്‍ക്കുണ്ടായ ഗുണം. 

പക്ഷെ, ഇടവേളകളില്‍ പലിശ ഇനത്തില്‍ ഉള്‍പ്പെടെ കോടികള്‍ നല്‍കേണ്ടതിനാല്‍ ഓയില്‍ ബോണ്ട് ബാധ്യത തന്നെയാണ്. ഓയില്‍ ബോണ്ടിന്റെ ബാധ്യത തീര്‍ക്കാന്‍ 2021-2026 വര്‍ഷങ്ങളില്‍ സര്‍ക്കാരിന് വേണ്ടിവരുന്നതാകട്ടെ 1.30 ലക്ഷം കോടി രൂപയും. എന്നാല്‍, അതിന്റെ പേരില്‍ തുടരുന്ന അധിക എക്സൈസ് തീരുവ പിരിവ് ന്യായമോ?

ഓയില്‍ ബോണ്ട് ബാധ്യത തീര്‍ക്കാന്‍ ഉള്ളതിനാല്‍ എക്സൈസ് തീരുവ കുറയ്ക്കില്ലെന്നാണ് നിര്‍മ്മലാ സീതാരാമന്റെ ന്യായം. കേള്‍ക്കുമ്പോള്‍ ശരിയായി തോന്നാം. പക്ഷെ ഓയില്‍ ബോണ്ടിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കൊള്ള എത്രയാണെന്ന് അറിയാമോ?

2026 വരെയുള്ള ബാധ്യത 1.30 ലക്ഷം കോടി രൂപയാണ്. എന്നാല്‍, 2019-2020 ല്‍ മാത്രം എക്സൈസ്  ഡ്യൂട്ടിയില്‍  സര്‍ക്കാരിന്  2.4 ലക്ഷം കോടി രൂപ  വരുമാനം ഉണ്ടായി. 2020-2021ല്‍  വരുമാനം 3.8 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ വരുമാനം ആകട്ടെ 94,000 കോടി രൂപയും. മുന്‍ വര്‍ഷം സമാന കാലയളവില്‍ 35,000 കോടി രൂപയായിരുന്നു വരുമാനം എന്നുകൂടി ഓര്‍ക്കണം. അതായത്, ബാധ്യതയുടെ എത്രയോ ഇരട്ടി സര്‍ക്കാര്‍ പിരിച്ചു കഴിഞ്ഞു. 

ഇതറിയാതെ എത്രയോ പേര്‍ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞ ഓയില്‍ ബോണ്ടെന്ന മാറാരോഗത്തിന്റെ ദയനീയതയില്‍ വീണുപോയിരിക്കുന്നു. ജനങ്ങളെ പിഴിയുന്ന ഈ ക്രൂരത ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?

Content Highlights: Oil bonds and rising fuel prices- Finance Minister Nirmala Sitharaman