പട്‌ന: ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും ലഭിച്ച സൗകര്യങ്ങള്‍ പോരെന്നും ആരോപിച്ച് ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി സ്ഥാനം രാജിവെച്ചു. ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് ഇദ്ദേഹം. തനിക്ക് അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജിക്ക് കാരണമായെന്നും മദന്‍ സാഹ്നി പറഞ്ഞു. 

'ഉദ്യോഗസ്ഥരോടുള്ള എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവെയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസ സ്ഥലത്തിലോ വാഹനത്തിലോ ഞാന്‍ സംതൃ്പതനല്ല. ഇതുകാരണം എനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവർത്തിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഞാന്‍ പറയുന്നത് അനുസരിക്കുന്നില്ല. അവരുടെ സഹകരണം വേണ്ടരീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട', വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മദന്‍ സാഹ്നി പറഞ്ഞു.

അതേസമയം, തന്റെ രാജി തിടുക്കംപിടിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർ ആരേയും വകവെക്കുന്നില്ല. ജനപ്രതിതിനിധകളെ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ലെന്നും അവർ സ്വേച്ഛാധിപതികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.