ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; നടപടി വിരമിക്കാന്‍ ഒരുമാസം ശേഷിക്കേ


ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സതീഷ് വര്‍മയ്ക്ക് അവസാനം സ്ഥാനക്കയറ്റം ലഭിച്ചത്

സതീഷ് വർമ. photo: ANI

അഹമ്മദാബാദ്: ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയെ വിരമിക്കുന്നതിന് ഒരുമാസംശേഷിക്കേ പിരിച്ചുവിട്ടു. വകുപ്പുതലത്തിലുള്ള കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവില്‍ കോയമ്പത്തൂരില്‍ സി.ആര്‍.പി.എഫ്. ഐ.ജി.യാണ്.

ഇസ്രത്ത് ജഹാന്‍, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്നിവരെയും രണ്ട് പാക് പൗരരെയും 2004 ജൂണില്‍ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച എസ്.ഐ.ടി.യുടെയും സി.ബി.ഐ.യുടെയും സംഘങ്ങളില്‍ അംഗമായിരുന്നു വര്‍മ. 1986-ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തത്. അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാത്തതിനാല്‍ പ്രതികളെല്ലാം വിടുതല്‍നേടി. സി.ബി.ഐ. അപ്പീല്‍ നല്‍കിയതുമില്ല. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളെ കൊലപ്പെടുത്താനെത്തിയ ചാവേര്‍ സംഘമായിരുന്നു ഇസ്രത്തും കൂട്ടരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മോദിസര്‍ക്കാരിന്റെ കണ്ണിലെ കരടായ സതീഷ് വര്‍മയെ 2014-ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ വിജിലന്‍സ് ഓഫീസറായി നിയമിച്ചു. അരുണാചല്‍പ്രദേശിലെ ജലവൈദ്യുതപദ്ധതിയിലെ അഴിമതികള്‍ സംബന്ധിച്ച് മന്ത്രി കിരണ്‍ റിജിജുവിനും ബന്ധുക്കള്‍ക്കും എതിരേ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സി.ആര്‍.പി.എഫിലേക്ക് മാറ്റിയത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സതീഷ് വര്‍മയ്ക്കെതിരേ വകുപ്പുതല അന്വേഷണവും തുടങ്ങി. രാജ്യത്തിന് അപകീര്‍ത്തികരമായവിധത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, അനധികൃതമായി അവധികളില്‍ പ്രവേശിച്ചു, ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരേ വര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പിരിച്ചുവിടല്‍ ഉത്തരവും കോടതിയിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 30-നാണ് വര്‍മ വിരമിക്കേണ്ടത്. ഉത്തരവ് കോടതി അംഗീകരിച്ചെങ്കിലും 19-വരെ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു. സതീഷ് വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വര്‍മയ്‌ക്കൊപ്പം സര്‍വീസില്‍ പ്രവേശിച്ചവര്‍ എ.ഡി.ജി.പി., ഡി.ജി.പി. പദവികളില്‍ എത്തിയിട്ടുണ്ട്. ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സതീഷ് വര്‍മയ്ക്ക് അവസാനം സ്ഥാനക്കയറ്റം ലഭിച്ചത്.

Content Highlights: officer who probed Ishrat Jahan case dismissed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented