പദ്മശ്രീ ജേതാവ് സുദർശൻ പട്‌നായിക് ഒഡിഷയിലെ പുരി കടൽത്തീരത്ത് ഒരുക്കിയ മണൽശിൽപം | Photo : ANI
2020 മാര്‍ച്ചിലാണ് ഒഡിഷയില്‍ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തില്‍പരം സജീവ രോഗികള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. പക്ഷെ ഒരു കൊല്ലത്തിലേറെയായി തുടരുന്ന കോവിഡ് വ്യാപനത്തില്‍ ഒരാള്‍ക്ക് പോലും രോഗബാധയുണ്ടാകാത്ത ഒരു ഗ്രാമം ഒഡിഷയിലുണ്ട്. കോവിഡിനെ അകറ്റി നിര്‍ത്തി സംസ്ഥാനത്തിന്റെ മറ്റിടങ്ങള്‍ക്ക് മാതൃകയാവുകയാണ് ഗഞ്ജം ജില്ലയിലെ കരാഞ്ജര എന്ന ഗ്രാമം.
261 വീടുകളിലായി 1,234 പേരാണ് ഗ്രാമത്തിലുള്ളത്. കോവിഡ് ലക്ഷണങ്ങളുമായി ഇതുവരെ ഗ്രാമവാസികളാരും പരിശോധനക്കെത്തിയിട്ടില്ല. എങ്കിലും അധികൃതര്‍ കുറച്ചുപേരെ ജനുവരി മാസത്തില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ അവരെല്ലാവരും നെഗറ്റീവായിരുന്നു.
കോവിഡ് മുന്നണിപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ സേവനവും ഇടപെടലുമാണ് ഗ്രാമത്തെ വൈറസില്‍ നിന്നകറ്റിയതെന്ന് നിസ്സംശയം പറയാം. ആശാ പ്രവര്‍ത്തകരും അംഗനവാടി ജീവനക്കാരും കൃത്യമായ ഇടവേളകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുകയും പ്രായമേറിയവരുടേയും ആരോഗ്യനിലയില്‍ ആശങ്കയുള്ളവരുടേയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.
ഗ്രാമവാസികള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഗ്രാമത്തിലെ സന്ദര്‍ശനത്തിന് ശേഷം ജില്ലാ കളക്ടര്‍ വിജയ് കുലാംഗെ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു. ഗ്രാമത്തിലെ ഓരോ ആളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിച്ചു. കൂടാതെ വീടിന് പുറത്ത് കൃത്യമായ സാമൂഹികാകലവും അവര്‍ പാലിച്ചു. ഒഴിവാക്കാനാവാത്ത അവസരങ്ങളിലല്ലാതെ പുറത്തിറങ്ങാതിരിക്കുകയും കഴിയുന്നതും അവരവരുടെ വീടുകളില്‍ തങ്ങുകയും ചെയ്തു, കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ മാസ്‌ക് ധാരണത്തെ കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും ഗ്രാമവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും അവരത് കൃത്യമായി പാലിക്കാന്‍ തയ്യാറാവുകയും ചെയ്തതാണ് കോവിഡിനെ ഗ്രാമത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് വില്ലേജ് കമ്യൂണിറ്റി പ്രസിഡന്റ് ത്രിനാഥ് ബെഹ്‌റ പറഞ്ഞു.
മുംബൈയിലും മറ്റും ജോലി ചെയ്യുന്ന ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കളും മടങ്ങിയെത്താത്തതും വൈറസിനെ ഗ്രാമത്തിലേക്ക് കടത്താതെ സംരക്ഷിച്ചിട്ടുണ്ടാവുമെന്ന് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിന് പുറത്ത് നിന്നെത്തിയവരെ സര്‍ക്കാരിന്റെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പതിനാല് ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമാണ് ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ഗ്രാമത്തില്‍ ഉത്സവാഘോഷങ്ങള്‍ക്കോ മറ്റ് കൂടിച്ചേരലുകള്‍ക്കോ ഗ്രാമവാസികള്‍ മുതിരാത്തതും കൊറോണവൈറസിനെ അകറ്റി നിര്‍ത്തിയെന്ന് അധികൃതര്‍ പറയുന്നു.
Content Highlights: Odisha village Karanjara hasn't reported a single Covid-19 case since pandemic began in 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..