മമത ബാനർജി അശ്വിനി വൈഷ്ണവിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നു |ഫോട്ടോ:PTI
കൊല്‍ക്കത്ത: ഒഡിഷയില്‍ ട്രെയിന്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവ സ്ഥലത്ത് വെച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയ മമത ഇപ്പോള്‍ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും പ്രതികരിച്ചു.
റെയില്‍വേ തനിക്ക് സ്വന്തം കുഞ്ഞിനെ പോലെയാണെന്നും നിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മമത അശ്വിനി വൈഷ്ണവിന്റെ മുന്നില്‍ വെച്ച് വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത പ്രഖ്യാപിച്ചു. റെയില്‍വേ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമെയാണിത്. റെയില്‍വേയുമായും ഒഡിഷ സര്‍ക്കാരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മമത വ്യക്തമാക്കി.
അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുടെ മുന്നില്‍വെച്ച് തന്നെ പറഞ്ഞു. കോറമണ്ഡല്‍ എക്‌സ്പ്രസില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം ഇല്ലായിരുന്നു. ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.
'ഞാന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചത്. ഇപ്പോള്‍ നിങ്ങളാണ് (അശ്വിനി വൈഷ്ണവ്) ആ സ്ഥാനത്ത്. അപകടം പറ്റിയ ട്രെയിനില്‍ ഈ സംവിധാനം ഇല്ലെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. അത്തരം സാങ്കേതിക സംവിധാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ അപകടം ഒഴിവാക്കാമായിരുന്നു' മമത പറഞ്ഞു.
'ഇപ്പോള്‍ റെയില്‍വേ ബജറ്റുമില്ല. റെയില്‍വേ എനിക്ക് എന്റെ കുഞ്ഞിനെ പോലെയാണ്. ഞാന്‍ റെയില്‍വേ കുടുംബത്തിലെ അംഗമാണ്. എന്റെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്' മമത പറഞ്ഞു.
ഇതിനിടെ 500 ഓളം പേര്‍ മരിച്ചതായി താന്‍ കേട്ടുവെന്ന് മമത പറഞ്ഞതോടെ റെയില്‍വേ മന്ത്രി ഇടപ്പെട്ടു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചുവെന്നും ഇതുവരെ 238 പേരെ മരിച്ചതായി കണ്ടെത്തിയിട്ടുള്ളുവെന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
നേരത്തെ വാജ്‌പേയ് സര്‍ക്കാരിലും രണ്ടാം യുപിഎ സര്‍ക്കാരിലും മമത റെയില്‍വേ മന്ത്രിയായിരുന്നിട്ടുണ്ട്.
അതേ സമയം മരണ സഖ്യ 288 ആയി ഉയര്‍ന്നിട്ടുണ്ട്. 747 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതില്‍ 56 പേരുടെ നില അതീവ ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു.
Content Highlights: Odisha Train tragedy: Railway like my baby, ready to give suggestions, says Mamata


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..