ബാലസോറിൽ അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | ഫോട്ടോ: ANI
ഭുവനേശ്വര്‍: രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് എട്ടുവയസ്സുകാരിയും പിതാവും. അവസാന നിമിഷം കോച്ച് മാറിയതാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഇരുവരേയും രക്ഷിച്ചത്. ഒഡിഷ സ്വദേശിയായ ദേവും മകള്‍ സ്വാതിയുമാണ് തലനാരിഴയ്ക്ക്, അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഖരഗ്പുരില്‍ നിന്നാണ് ഇരുവരും കോറമണ്ഡല്‍ എക്‌സ്പ്രസില്‍ യാത്രതിരിച്ചത്. യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് മകള്‍ വാശി പിടിച്ചു. മകളുടെ നിര്‍ബന്ധം കാരണം വിന്‍ഡോ സീറ്റ് കിട്ടുമോയെന്ന് ടിക്കറ്റ് ചെക്കറോട് അന്വേഷിച്ചു. അദ്ദേഹം മറ്റേതെങ്കിലും യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറിയിരിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് അടുത്ത കോച്ചിലെ രണ്ടു യാത്രക്കാരുമായി സംസാരിച്ച് സീറ്റു മാറിയിരുന്നത്.
'അവര്‍ ഞങ്ങളുടെ കോച്ചിലേക്കും ഞങ്ങള്‍ അവരിരുന്ന കോച്ചിലേക്കും മാറിയിരുന്നു. മകളുടെ ചെറിയ വാശി ഞങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ സീറ്റില്‍ ഇരുന്ന രണ്ടു പേര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. അവര്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരിക്കട്ടെ എന്നാണ് പ്രാര്‍ഥന', ദേവ് പറഞ്ഞു.
ഇരുവരും ബുക്ക് ചെയ്ത കോച്ച് മുഴുവനായും തകര്‍ന്നിരുന്നു. എന്നാല്‍, മാറിയിരുന്ന കോച്ചിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. രണ്ടുപേര്‍ക്കും നിസാര പരിക്കുകള്‍ മാത്രമെ സംഭവിച്ചുളളു.
മൂന്നു പതിറ്റാണ്ടിനിടെ രാജ്യംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടത്തിന്റെ നടുക്കം യാത്രക്കാരിൽ പലർക്കും വിട്ടു മാറിയിട്ടില്ല. ഇതുവരെ 275 പേർക്കാണ് അപകടത്തിൽ ജീവന്‍ നഷ്ടമായത്. 900-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlights: odisha train accident, coromandel express tragedy, odisha, swapping seats saved life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..