തീവണ്ടി അപകടമുണ്ടായ സ്ഥലം | AFP
ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറിലുണ്ടായ അപകടത്തിനുശേഷവും കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോകോപൈലറ്റ് അബോധാവസ്ഥയില്‍ ആയിരുന്നില്ലെന്നും കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും റെയില്‍വെ ബോര്‍ഡ് അംഗം. പച്ച സിഗ്നല്‍ ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചത് അദ്ദേഹം ആണെന്ന് റെയില്‍വെ ബോര്‍ഡ് അംഗം ജയവര്‍മ സിന്‍ഹ വെളിപ്പെടുത്തി. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ഡ്രൈവറുമായി താന്‍ സംസാരിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം അബോധാവസ്ഥയില്‍ ആയിരുന്നില്ല. പച്ച സിഗ്നല്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന് ആരോഗ്യനില വഷളായി. നിലവില്‍ ചികിത്സയിലാണ് - സിന്‍ഹ പറഞ്ഞു. ജി.എം മൊഹന്തി ആയിരുന്നു കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ്. ഹസാരി ബെഹറ ആയിരുന്നു അസിസ്റ്റന്റ് ലോകോ പൈലറ്റ്. രണ്ടുപേര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അതിനിടെ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ച ചരക്ക് തീവണ്ടിയുടെ ഗാര്‍ഡ് അപകട സമയത്ത് തീവണ്ടിയില്‍ ഇല്ലായിരുന്നുവെന്നും റെയില്‍വേ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം ജീവനോട് രക്ഷപ്പെട്ടത്. ചരക്ക് തീവണ്ടികള്‍ എവിടെ നിര്‍ത്തിയിട്ടാലും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഗാര്‍ഡിനും ലോകോ പൈലറ്റിനുമാണ്. എന്നാല്‍ രണ്ടുപേരും അപകട സമയത്ത് തീവണ്ടിക്ക് പുറത്തായിരുന്നു. അതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും സിന്‍ഹയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചരക്ക് തീവണ്ടിയുടെ ഗാര്‍ഡ് ഉണ്ടാകേണ്ടിയിരുന്ന ബ്രേക്ക് വാനിലേക്കാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറിയത്. എന്നാല്‍ ദൈവാനുഗ്രഹംകൊണ്ട് ഗാര്‍ഡ് ആ സമയത്ത് ബ്രേക്ക് വാനില്‍ ഉണ്ടായിരുന്നില്ല - വര്‍മ പറഞ്ഞു.
അതിനിടെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോകോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രാഥമിക പരിശോധനയില്‍ റെയില്‍വെ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായ വേഗ പരിധിയിലാണ് തീവണ്ടി സഞ്ചരിച്ചിരുന്നത്. സിഗ്നല്‍ ലംഘനവും ഉണ്ടായിട്ടില്ല. സിഗ്നലിലെ പ്രശ്‌നംമൂലമാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ലൂപ് ലൈനിലേക്ക് കയറിയത്. അപകടത്തിന് കാരണമായെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ ഇന്റര്‍ലോക്കിങ് സിസ്റ്റം പൊതുവെ സുരക്ഷിതമാണെന്നും റെയില്‍വെ ബോര്‍ഡ് അംഗം പറഞ്ഞു. സംവിധാനം തകരാറിലായാല്‍തന്നെ ചുവപ്പ് സിഗ്നല്‍ തെളിയേണ്ടതാണ്. അതുകൊണ്ടാണ് മറ്റുതരത്തിലുള്ള സംശയങ്ങള്‍ ഉയരുന്നതെന്നും സിന്‍ഹ പറഞ്ഞു.
കടപ്പാട് - Hindustan Times
Content Highlights: Odisha train accident Railway board loco pilot Coromandal express


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..