സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് ആവര്‍ത്തിക്കുമ്പോഴും പിഴച്ചതെവിടെ? മന്ത്രിയുടെ കസേര തെറിക്കുമോ?


4 min read
Read later
Print
Share

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിലെ അപകടസ്ഥലത്ത് | Photo : AFP

ന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് വെള്ളിയാഴ്ച ഒഡിഷയിലെ ബാലസോറിലുണ്ടായത്. രണ്ട് യാത്രാതീവണ്ടികളും ഒരു ചരക്കുതീവണ്ടിയും പാളം തെറ്റിയും കൂട്ടിയിടിച്ചുമുണ്ടായ അപകടത്തിന് ആരാണുത്തരവാദി? ഉത്തരവാദികള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അപകടസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞത്. ട്രെയിന്‍യാത്രയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് നിരന്തരം പദ്ധതികള്‍ തയ്യാറാക്കുകയും കൂടിയാലോചനായോഗങ്ങള്‍ നടത്തുകയും ചെയ്യുന്ന റെയില്‍വേയ്ക്ക് അപകടത്തില്‍ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കയ്യൊഴിയാനാകുമോ? അപകടകാരണം മാനുഷികപിഴവാണോ അതോ സാങ്കേതികപിഴവാണോ എന്ന സംശയം നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ അപകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്ത് മുമ്പുണ്ടായ പല തീവണ്ടിയപകടങ്ങളുടേയും പേരില്‍ റെയില്‍വെമന്ത്രിമാര്‍ രാജിവെച്ച ചരിത്രം നിലവിലിരിക്കെ ബാലസോറിലെ അപകടം അശ്വിനി വൈഷ്ണവിന്റെ രാജിയ്ക്ക് വഴിയൊരുക്കിയേക്കാം.

ശനിയാഴ്ച പുലര്‍ച്ചെ തന്നെ അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും ദുരന്തനിവാരണപ്രവര്‍ത്തനവും വിലയിരുത്തി. ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് ജില്ലാകളക്ടറായിരുന്ന ബാലസോറില്‍ നടന്ന വലിയൊരു ദുരന്തത്തെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമടക്കം വിലയിരുത്താനാണ് അദ്ദേഹം കേന്ദ്ര റെയില്‍വെമന്ത്രി എന്നനിലയില്‍ എത്തിയത്. മുംബൈ-ഗോവ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനായി ഗോവയിലെത്തേണ്ടിയിരുന്ന അശ്വിനി വൈഷ്ണവ് ആ പരിപാടി റദ്ദാക്കിയാണ് ബാലസോറിലെത്തിയത്. അപകടത്തിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അദ്ദേഹം ബാലസോറില്‍ത്തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പുനല്‍കുന്നതിനിടെയാണ് അദ്ദേഹം മുന്‍കയ്യെടുത്ത് നടപ്പാക്കിയ കവച് എന്ന സിഗ്നല്‍ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. ബിആര്‍എസ് നേതാവ് കെ.ടി. രാമറാവു, എഎപി എംപി സന്ദീപ് പഥക് എന്നിവരും റെയില്‍വേയുടെ സുരക്ഷാസംവിധാനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഒഡിഷ ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തില്‍ കവച് സംവിധാനം അശ്വിനി വൈഷ്ണവിന് എങ്ങനെ പ്രതികൂലമാകുന്നു?

ഒരേ റെയില്‍വേ പാളത്തിലൂടെ രണ്ട് തീവണ്ടികള്‍ അഭിമുഖമായി എത്തുന്നപക്ഷം അവ തമ്മിലുണ്ടായേക്കാവുന്ന കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്ന സുരക്ഷാസംവിധാനമാണ് കവച്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്. അതിവേഗതയില്‍ എതിര്‍ദിശകളില്‍നിന്ന് ഒരേ പാതയിലൂടെ ട്രെയിനുകള്‍ സഞ്ചരിക്കുമ്പോള്‍ വേഗതാനിയന്ത്രണം ലോക്കോപൈലറ്റിന് അസാധ്യമായേക്കാം. എന്നാല്‍ കവച് സംവിധാനമുള്ള ട്രെയിനുകള്‍ ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റം വഴി നിശ്ചിതദൂരപരിധിയില്‍ നിര്‍ത്താനാകും, തീവണ്ടികള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുമാകും. റേഡിയോ ടെക്‌നോളജി, ജി.പി.എസ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ടാണ് കവച് സംവിധാനം നടപ്പാക്കിയത്. കവചിന്റെ പരീക്ഷണത്തില്‍ അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുകയും എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നില്‍ യാത്രചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കവചിന്റെ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ തീവണ്ടി കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനങ്ങളിലൊന്നാണ് കവച് എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ അവകാശവാദം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ വന്‍തുകയാണ് ലേകരാഷ്ട്രങ്ങള്‍ ചെലവാക്കുന്നത്. കവച് വികസിപ്പിക്കുമ്പോള്‍ കയറ്റുമതി കൂടി ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. അപകടം നടന്ന റൂട്ടില്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല എന്നാണ് റെയില്‍വെ പറയുന്നത്.

അപകടത്തില്‍പ്പെട്ട കോറോമണ്ഡല്‍ എക്‌സപ്രസില്‍ കവച് എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നതാണ് അപകടസാഹചര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന പ്രധാനചോദ്യം. രണ്ട് ട്രെയിനുകള്‍ അഭിമുഖമായി വരുമ്പോഴാണ് കവച് പ്രവര്‍ത്തിക്കുക. എന്നാല്‍ ബാലസോറില്‍ ട്രെയിനുകള്‍ പാളം തെറ്റിയതിനാല്‍ കവച് സംവിധാനത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള ചോദ്യം അപ്രസക്തമാണെന്നാണ് റെയില്‍വേ വക്താവ് നല്‍കുന്ന വിശദീകരണം. മറ്റൊരു പാതയില്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ മറ്റേ ട്രെയിനിന്റെ ബോഗികളില്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ഇത് കവച് വഴി അറിയാനാകില്ലെന്നത് ഒരുപക്ഷേ ശരിയായിരിക്കാം. കൂടാതെ അപകടം നടന്ന റൂട്ടില്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും റെയില്‍വേ വക്താവ് പറയുന്നു. അപ്പോള്‍പ്പിന്നെ കവച് എന്ന സംവിധാനത്തിന്റെ പേരില്‍ റെയില്‍വേ മന്ത്രിയുടെ രാജി പ്രതീക്ഷിക്കാമോ എന്നതാണ് ചോദ്യം.

റെയില്‍വേ സുരക്ഷ സംബന്ധിച്ച് സംഘടിപ്പിച്ച 'ചിന്തന്‍ ശിബിരം'

ഒഡിഷയിലെ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി റെയില്‍വേ രണ്ട് ദിവസത്തെ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുത്തു. 400 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ശിബിരത്തില്‍ പ്രധാനമായും റെയില്‍വേ സുരക്ഷയെ കുറിച്ചായിരുന്നു ചര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം സമാപനച്ചടങ്ങില്‍ റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ച രാജ്യമെന്ന റെക്കോഡ് നേടുന്നതിനെ കുറിച്ച് അശ്വിനി വൈഷ്ണവ് സംസാരിച്ചിരുന്നു. റെയില്‍വേ സുരക്ഷ സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ വലിയൊരു സുരക്ഷാപാളിച്ചയുണ്ടായി വന്‍ദുരന്തത്തിന് കാരണമാകുന്നതിന്റെ ഉത്തരവാദിത്വം തലപ്പത്തിരിക്കുന്ന ഉന്നതരുടെ ചുമലില്‍ത്തന്നെയാണ് പതിക്കുന്നത്.

ശാസ്ത്രി മുതല്‍ സുരേഷ് പ്രഭുവരെ; ട്രെയിന്‍ അപകടങ്ങളുടെ പേരില്‍ രാജിവെക്കേണ്ടിവന്ന റെയില്‍വെ മന്ത്രിമാര്‍
1. ലാല്‍ ബഹാദുര്‍ ശാസ്ത്രി

1956 ല്‍ തമിഴ്‌നാട്ടിലെ അരിയലൂരിലുണ്ടായ ട്രെയിനപകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹാദുര്‍ ശാസ്ത്രി രാജി വെച്ചത്. അക്കൊല്ലം നവംബറിലുണ്ടായ അപകടത്തില്‍ 142 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശാസ്ത്രിയുടെ രാജി പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് കാരണമായി. ഇത് ശാസ്ത്രിയുടെ ജനസമ്മതിയേറ്റി. തുടര്‍ന്ന അദ്ദേഹത്തിന് മറ്റ് വകുപ്പുകളുടെ ചുമതല ലഭിച്ചു. പിന്നീട് പ്രധാനമന്ത്രിപദത്തില്‍ വരെ അദ്ദേഹമെത്തിച്ചേര്‍ന്നു.

2. നിതീഷ് കുമാര്‍

ശാസ്ത്രി രാജിവെച്ച് 43 വര്‍ഷത്തിന് ശേഷമാണ് മറ്റൊരു റെയില്‍വേ മന്ത്രി രാജി വെച്ചത്. 1999 ഓഗസ്റ്റില്‍ അസമിലെ ഗൈസല്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. ഏകദേശം 290 പേര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്ക്.

3. മമത ബാനര്‍ജി

2000ല്‍ നടന്ന രണ്ട് തീവണ്ടിഅപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മമത ബാനര്‍ജി തന്റെ രാജിക്കത്ത് നല്‍കി. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മമതയുടെ രാജി നിരാകരിച്ചു.

4. സുരേഷ് പ്രഭു

2016ല്‍ നാലുദിവസത്തെ ഇടവേളയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2017 ഓഗസ്റ്റില്‍ സുരേഷ് പ്രഭു തന്റെ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എങ്കിലും തൊട്ടടുത്ത മാസം സുരേഷ് പ്രഭു സ്ഥാനമൊഴിഞ്ഞു. പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 150 ഓളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

അശ്വിനി വൈഷ്ണവ് സ്ഥാനമൊഴിയേണ്ടതുണ്ടോ?

നേരത്തെ രാജിവെച്ച റെയില്‍വേ മന്ത്രിമാരുടെ കാര്യം പരിശോധിച്ചാല്‍ അശ്വിനി വൈഷ്ണവിന്റെ രാജിക്കായി ആവശ്യം ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുവരെ രാജ്യത്തുണ്ടായ ട്രെയിനപകടങ്ങളില്‍ ഒഡിഷയിലുണ്ടായത് വലിയ ദുരന്തങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വമേറ്റെടുതത് അശ്വിനി വൈഷ്ണവിന് രാജിവെക്കേണ്ടി വന്നേക്കാം. രാജിയെ കുറിച്ച് ശനിയാഴ്ച ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ ക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മറ്റുകാര്യങ്ങള്‍ ചിന്തിക്കാനുള്ള സാവകാശമില്ലെന്നുമായിരുന്നു അശ്വിനിയുടെ പ്രതികരണം.

Content Highlights: Odisha Train Accident, Biggest Challenge for Railway Minister, Ashwini Vaishnaw

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wanted khalistani terrorist hardeep singh nijjar shot dead in canada

1 min

നിജ്ജര്‍ വധം: പിന്നില്‍ ISI ആണെന്ന് റിപ്പോര്‍ട്ട്, ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കല്‍

Sep 27, 2023


Hacker

1 min

കനേഡിയൻ സൈന്യത്തിൻ്റെ വെബ്സൈറ്റിനുനേരെ സൈബർ ആക്രമണം; ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യൻ ഹാക്കർമാർ

Sep 28, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented