Photo: twitter.com
അന്തിക്കാട്: ഒഡിഷയിലെ തീവണ്ടിയപകടത്തില്‍ അന്തിക്കാട് സ്വദേശികളായ നാലുപേര്‍ക്ക് പരിക്കേറ്റു. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.
അതേസമയം അപകടത്തില്‍ മരണ സംഖ്യ 120 കടന്നതായാണ് റിപ്പോര്‍ട്ട്. അപകട സ്ഥലത്തു നിന്ന് 120-ലേറേ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി എഎന്‍ഐയോട് പ്രതികരിച്ചു. അപകടത്തില്‍ 600-ല്‍ എറെ പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12864), കൊല്‍ക്കത്തയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗബസാറില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളില്‍ ഇടിച്ചുമറിഞ്ഞു. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചതായാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും സാരമല്ലാത്ത പരിക്കുള്ളവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷംരൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
Content Highlights: Odisha train accident Among the injured four natives of Thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..