ഭുവനേശ്വര്‍: ഒഡീഷയില്‍  ബലാത്സംഗക്കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍വെച്ച് പിടിയിലായി. പടിഞ്ഞാറന്‍ ഒഡീഷയിലെ ബോലാംഗിര്‍ ജില്ലയില്‍ നിന്നുള്ള 24 കാരനാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ പോലീസ് പിടിയിലായത്.

ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ അരുണ്‍ പോധയാണ് പോലീസ് പിടിയിലായത്. 20 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഇയാളെ 2019 മാര്‍ച്ച് മുതല്‍ പോലീസ് തിരയുകയായിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞതിനാല്‍ പോലീസിന് ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

ശനിയാഴ്ച പട്‌നഗര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ വാക്‌സിന്‍ സ്വീകരിക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയേക്കുമെന്ന് വിവരം ലഭിച്ചതിനേ തുടര്‍ന്നാണ് പോലീസ് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. 

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അരുണ്‍ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ഇയാള്‍ വരുമെന്ന് സൂചന ലഭിച്ചുവെന്നും വാക്‌സിന്‍ എടുത്ത ഉടന്‍ അറസ്റ്റ് ചെയ്തുവെന്നും പട്‌നഗര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ജ്യോതിര്‍മയ് ഭുക്ത പറഞ്ഞു.

Content Highlights: Odisha rape accused absconding for 2 years arrested from vaccination centre