ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍. ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.
വിപണിയില്‍ വില്‍പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറോളം കുട്ടികളാണ് മരിച്ചത്. ബാലമരണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Odisha orders litchi test, encephalitis deaths in Bihar