ഭുവനേശ്വര്‍: ഒഡിഷയിലെ ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ കൂട്ടത്തില്‍ എംഎല്‍എയും. ഭരണകക്ഷിയായ ബിജു ജനതാദള്‍ എംഎല്‍എ പൂര്‍ണചന്ദ്ര സ്വൈനാണ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നടത്തിയ പരീക്ഷ പാസ്സായത്. നാല്‍പത്തിയൊമ്പതുകാരനായ പൂർണചന്ദ്ര അറുപത് ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്.

നേരത്തെ ഓണ്‍ലൈനായി പരീക്ഷ നടത്തിയിരുന്നെങ്കിലും പരീക്ഷാഫലത്തില്‍ തൃപ്തരാകാതെ ഓഫ്‌ലൈനായി വീണ്ടും പരീക്ഷയെഴുതിയവരില്‍ പൂര്‍ണചന്ദ്ര സ്വൈനുള്‍പ്പെടെ 5,233 പേര്‍ വിജയിച്ചു, 141 പേര്‍ തോറ്റു. 

ഗഞ്ജം ജില്ലയിലെ സുരദ സ്വദേശിയായ ചന്ദ്ര 500 ല്‍ 340 മാര്‍ക്ക് നേടി  B-2 ഗ്രേഡിന് അര്‍ഹനായി. എംഎല്‍എ ഏറ്റവുമധികം മാര്‍ക്ക് നേടിയത് പെയിന്റിങ്ങിനാണ്. ഈ വിഷയത്തില്‍ 80 മാര്‍ക്ക് നേടിയ പൂര്‍ണ ചന്ദ്ര ഒഡിയ, സാമൂഹികശാസ്ത്രം എന്നിവയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി. 

ഭാഞ്ജനഗര്‍ സുരദ ഗേള്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ എംഎല്‍എയ്ക്ക് പ്രത്യേക മുറി അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ചാണ് പ്രത്യേക മുറി അനുവദിച്ചത്. മുമ്പ് പല തവണ പരീക്ഷയെഴുതിയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനവും മറ്റ് തിരക്കുകളും കാരണം പരീക്ഷയില്‍ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതിനാല്‍ പൂര്‍ണ ചന്ദ്രയ്ക്ക് പരീക്ഷ പാസ്സാകാന്‍ സാധിച്ചിരുന്നില്ല. 

ജൂലായ് 30 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ 504 കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷയ്ക്കായി 15,155 പേർ അപേക്ഷിച്ചിരുന്നു. ഇതില്‍ 6,596 പേര്‍ എച്ച് എസ് സി പരീക്ഷയ്ക്കും 8,493 പേര്‍ ഓപ്പണ്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കും 66 പേര്‍ മാധ്യമ പരീക്ഷയ്ക്കുമാണ് അപേക്ഷിച്ചത്.

Content Highlights: Odisha MLA, 49, Clears Class 10 Exam Held Offline