ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന സാധാരണ വ്യക്തികള്‍ക്ക് രണ്ടരലക്ഷം രൂപ ഒഡിഷ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌  സര്‍ക്കാര്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹികമായ ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുന്നതിനുള്ള വകുപ്പാണ്(എസ്എസ്ഇപിഡി) ഇത്തരമൊരാശയം അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തില്‍ 50,000 രൂപ നേരത്തെ തന്നെ സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.

ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. 

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നവദമ്പതിമാരുടെ വിവരങ്ങള്‍ കത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്. 

വിവാഹസര്‍ട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നല്‍കുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിന്‍വലിക്കാം.  

 

Content Highlights: Odisha government declares Rs 2.5 lakh award for marriage with person with disability