ഭുവനേശ്വര്‍: ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക പ്രഖ്യാപിച്ചത്. 

കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 5 മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷന്‍, 48 നഗരസഭകള്‍, 61 നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെ തെരുവുപട്ടികള്‍ ഉള്‍പ്പെടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ വളണ്ടിയര്‍മാര്‍ മുഖേന ഇത്തരം മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കും. കോര്‍പ്പറേഷനില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി പ്രതിദിനം ചെലവഴിക്കുന്ന തുക.

Content Highlights: Odisha CM Naveen Patnaik sanctions Rs 60 lakh to feed stray animals during Covid lockdown