ജയ്പുര്‍: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ് എന്ന പതിനെട്ടുകാരന്‍. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് ഷൊയ്ബിന്റെ സ്വപ്നം.

രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിങ്ങിനായി ചേര്‍ന്നിരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് തയ്യാറായില്ല. കോട്ടയില്‍ തന്നെ താമസം തുടര്‍ന്നു. ലോക്ഡൗണില്‍ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിന് ലഭിച്ച നൂറുശതമാനം മാര്‍ക്ക്. 

'2018ന് ശേഷം ഞാന്‍ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂര്‍ വരെ പഠിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകാന്‍ ആഗ്രഹിക്കുന്നു.' ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു. 

അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമാണ് കോട്ടയില്‍ ഷൊയ്ബ് താമസിച്ചിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്‌. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് അജ്മീര്‍ ദര്‍ഗയില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്. 

വളരെയേറെ പ്രതിസന്ധികള്‍ക്കിടയിലാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. ആദ്യമായാണ് എയിംസ് ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ഒറ്റപ്പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ വിജയകരമായി നടത്തിയതിലും കേന്ദ്രവുമായി സഹകരിച്ചതിലും എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

സെപ്റ്റംബര്‍ 13-ന് 13,67,032 പേരും ഒക്ടോബര്‍ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭിക്കും.

Content Highlights:Odisha boy Soyeb Aftab scores 100% in NEET