തിരുവനന്തപുരം: ബറാക് ഒബാമ എഴുതിയ 'എ പ്രോമിസ്ഡ്‌ ലാന്‍ഡ്' (A promised land)  എന്ന പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രശംസിക്കുമ്പോള്‍ നരേന്ദ്ര മോദി എന്ന പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.  ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

നേരത്തെ പുസ്തകത്തില്‍  മന്‍മോഹന്‍ സിങ്ങിനേയും രാഹുല്‍ ഗാന്ധിയേയും പരാമര്‍ശിച്ച ഭാഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശശി തരൂര്‍ കുറിച്ചു. ഒബാമ മടങ്ങി വന്ന് മന്‍മോഹന്‍ സിങ്ങിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം 

ബറാക്ക് ഒബാമ​ എഴുതിയ A promised land എന്ന പുസ്തകം അഡ്വാന്‍സ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവന്‍ വായിച്ചു നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമര്‍ശിച്ചിട്ടേയില്ല.

ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ വളരെ നന്നായി ആ പുസ്തകത്തില്‍ പ്രശംസിച്ചിട്ടുണ്ട്. 'ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ', 'തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം' വിദേശ നയങ്ങളില്‍ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം 'തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു' എന്നെല്ലാം അദ്ദേഹം ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്.

'എല്ലാറ്റിലുമുപരി, ഇന്ത്യയെക്കുറിച്ചുള്ള എന്റെ കൗതുകം മഹാത്മാഗാന്ധിയില്‍ തുടങ്ങുന്നു. ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും എന്റെ ചിന്തകളെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് ഇന്ത്യയിലുള്ള അക്രമ പരമ്പരകളും, ജനങ്ങളുടെ അത്യാര്‍ത്തിയും, അഴിമതിയും, സങ്കുചിത ദേശീയതയും, വര്‍ഗീയതയും, സാമുദായിക അസഹിഷ്ണുതയുമാണ്.

വളര്‍ച്ചാ നിരക്കില്‍ പ്രശ്‌നം വരുമ്പോഴും കണക്കുകളില്‍ മാറ്റം വരുമ്പോഴും ഒരു ആകര്‍ഷണീയനായ നേതാവ് ഉയര്‍ന്ന് വരുമ്പോഴും അവര്‍ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാന്‍ കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു മഹാത്മാഗാന്ധി അവര്‍ക്കിടയിലില്ലാതെ പോയി.

ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒബാമ മടങ്ങി വന്ന് മന്‍മോഹന്‍ സിങ്ങിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുന്നതല്ല.

Content Highlights: Obama Praised Manmohan Singh, No Mention Of PM Modi: Shashi Tharoor