റായ്പുര്‍: രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആരംഭിച്ചു. 19 ലക്ഷത്തോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1500 കോടി രൂപ ആദ്യ ഗഡുവായി വ്യാഴാഴ്ച കൈമാറി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്ഷസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണയിലാണ് പദ്ധതി തുടങ്ങിയത്. 
 
ഈ പദ്ധതി പ്രകാരം 14 വ്യത്യസ്ത വിളകള്‍ കൃഷിചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 5,750 കോടി രൂപ നാല് തവണകളായി വിതരണം ചെയ്യും. ഇതുപ്രകാരം കരിമ്പ് കൃഷിക്കാര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയും ഗ്രാന്റായി ലഭിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പറഞ്ഞു.
 
പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ഒബിസി, ദരിദ്ര വിഭാഗങ്ങള്‍ തുടങ്ങിയവരാകുമെന്നും ബാഘേല്‍ പറഞ്ഞു.
 
ഭൂരഹിതരായിട്ടുള്ള കര്‍ഷക തൊഴിലാളികളെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അതിന്റെ വിശദമായ കര്‍മപദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വാഗ്ദ്ധാനമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ഇപ്പോള്‍ ആദ്യമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സോണിയഗാന്ധിയാണ് തുടക്കമിട്ടത്.
 
കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതി അവരെ സ്വശ്രയത്വത്തിലേക്ക് നയിക്കുമെന്ന്‌ സോണിയ പറഞ്ഞു.
 
ഛത്തീസ്ഗഢിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകളും ന്യായ് പദ്ധതി നടപ്പാക്കിയേക്കും.
 
Content Highlights: Nyay scheme-Chhattisgarh transfers Rs 1,500 cr to a/cs of 19 lakh farmers