കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന്‍ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നുസ്രത്ത് ജഹാന്‍ ഒരു വനിതാ എംപിയാണ്. ഒരാള്‍ തന്റെ ഭര്‍ത്താവാണെന്ന് പറയുകയും സിന്ദൂരം തൊടുകയും വിവാഹ സത്കാരത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് താന്‍ വിവാഹിതയല്ലെന്ന് പറയുകയും ചെയ്ത അവര്‍ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചു - ദിലീപ് ഘോഷ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രാജിവെക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവരെ പുറത്താക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടു. നുസ്രത്ത് തട്ടിപ്പുകാരിയാണെന്ന് നേരത്തെ ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. തുര്‍ക്കിയില്‍വച്ച് നടന്ന തന്റെ വിവാഹത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ലെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. എന്തൊരു തട്ടിപ്പാണ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ഒരാള്‍ സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം പറയുന്നു വിവാഹിത പോലും അല്ലെന്ന്. എങ്കിലും അവര്‍ സിന്ദൂരം തൊടുകയും, രഥം വലിക്കുകയും, പൂജകള്‍ ചെയ്യുകയും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു - ഷോഷ് ആരോപിച്ചിരുന്നു.
വ്യവസായി നിഖില്‍ ജയിനുമായുള്ള തന്റെ വിവാഹത്തിന് നിയമ സാധുതയില്ലെന്നും തുര്‍ക്കിയില്‍ നടന്ന വിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും നേരത്തെ നുസ്രത്ത് ജഹാന്‍ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാന്‍. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു എം.പി.യുടെ വിവാഹം. പ്രമുഖ വ്യവസായിയായ നിഖില്‍ ജെയിനാണ് നുസ്രത്ത് ജഹാനെ താലിചാര്‍ത്തിയത്.
ജൂണ്‍ 19-ന് തുര്‍ക്കിയിലായിരുന്നു വിവാഹചടങ്ങുകള്‍. പിന്നീട് കൊല്‍ക്കത്തയില്‍ നടന്ന വിവാഹ സത്കാരത്തില്‍ രാഷ്ട്രീയ, ചലച്ചിത്ര, ബിസിനസ് മേഖലയില്‍നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തിയും ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സത്കാര ചടങ്ങിന് എത്തിയിരുന്നു. അതിനിടെ, പാര്‍ലമെന്റില്‍ സിന്ദൂരമണിഞ്ഞ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിനെതിരേ ജഹാനെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഉള്‍പ്പെടുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു നുസ്രത്തിന്റെ പ്രതികരണം. ഇപ്പോഴും താന്‍ മുസ്ലീം തന്നെയാണ്. എന്നാല്‍ അത് മറ്റുള്ളവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്നും തന്നെ തടയുന്നില്ല. കാരണം മതവും വിശ്വാസവും വേഷവിധാനങ്ങള്‍ക്കും അപ്പുറമാണെന്നും നുസ്രത്ത് വ്യക്തമാക്കിയിരുന്നു.
Content highlights: Nusrat Jahan shamed Indian culture - BJP's Dilip Ghosh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..