പട്‌ന(ബിഹാര്‍): പീഡന ആരോപണം നേരിടുന്ന ഡോക്ടര്‍ക്ക് ആശുപത്രിയിലെ നഴ്സുമാരുടെ വക കൂട്ടത്തല്ല്. ബീഹാറിലെ കത്തിഹാറിലാണ് സംഭവം. ട്രെയിനി നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാത്തതാണ് നഴ്സുമാരെ പ്രകോപിപ്പിച്ചത്.

കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാര്‍ കയ്യേറ്റം ചെയ്തത്. ഇയാളെ കൊല്ലൂ ... എന്ന് അലറിക്കൊണ്ട് നഴ്സുമാര്‍ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 

ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി നഴ്‌സുമാര്‍ ഡോക്ടര്‍ക്കെതിരേ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് നഴ്‌സുമാര്‍ പ്രകോപിതരാകുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ സംഘം ചേര്‍ന്ന് ഡോക്ടറുടെ ക്യാബിനിലെത്തി ആക്രമണം നടത്തിയത്. 

സംഭവത്തില്‍ ആശുപത്രിയിലെ ചില മുതിര്‍ന്ന ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

content highlights: nurses brutally thrash doctor, accused of molestation, viral video