1. നൂപുർ ശർമ | Photo - PTI, 2. പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന ദേശീയ-സംസ്ഥാന വക്താക്കള്‍ക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം ചൊവ്വാഴ്ച മാര്‍ഗരേഖ നല്കി. ബി.ജെ.പി. വക്താക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക വക്താക്കളും പാനല്‍ അംഗങ്ങളുംമാത്രമേ പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍
- ഓരോ ചര്‍ച്ചയിലും ഏതുവക്താവാണ് പങ്കെടുക്കേണ്ടതെന്ന് പാര്‍ട്ടിയുടെ മാധ്യമവിഭാഗം തീരുമാനിക്കും.
- മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങളെക്കുറിച്ച് സംസാരിക്കരുത്.
- ഭാഷ നിയന്ത്രിക്കണം.
- അവതാരകരുടെയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെയും ചോദ്യങ്ങളുടെയും പരാമര്‍ശങ്ങളുടെയും മുന്നില്‍ ആവേശമേറുകയോ പ്രകോപിതരാവുകയോ അരുത്.
- ആരുടെ പ്രേരണയുണ്ടായാലും പാര്‍ട്ടിയുടെ ആശയങ്ങളും തത്ത്വങ്ങളും ലംഘിക്കരുത്.
- ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമുമ്പ് വിഷയം ആഴത്തില്‍ പഠിക്കണം. പാര്‍ട്ടിലൈന്‍ കണ്ടെത്തി സംസാരിക്കണം.
- പാര്‍ട്ടിയുടെ അജന്‍ഡയില്‍നിന്ന് വ്യതിചലിക്കരുത്.
- ചര്‍ച്ചയ്ക്കിടയില്‍ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം.
- പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി പാര്‍ട്ടി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണം.
ന്യൂഡല്‍ഹി : പ്രവാചകനെതിരേ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് സുരക്ഷനല്‍കി. തന്നെയും കുടുംബത്തെയും വധിക്കുമെന്നതുള്പ്പെടെ വിവിധ ഭീഷണികളുണ്ടെന്ന് നൂപുര്‍ പരാതിനല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസില്‍ 22-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നൂപുറിന് മുംബൈ പോലീസ് സമന്‍സയച്ചു. താനെ ജില്ലയിലെ മുംബ്ര പോലീസ് സ്റ്റേഷനിലാണ് കേസ്. ഡല്‍ഹിക്കും മുംബൈയ്ക്കും പുറമേ ഹൈദരാബാദിലും ഇവര്‍ക്കെതിരേ പോലീസില്‍ പരാതിയുണ്ട്.
പാര്‍ട്ടി തീരുമാനത്തെ ബഹുമാനിക്കുന്നു
പാര്‍ട്ടിതീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് നൂപുര്‍ ശര്‍മ പറഞ്ഞു. എല്ലാ അര്‍ഥത്തിലും താന്‍ വളര്‍ന്നത് പാര്‍ട്ടിക്കുള്ളിലാണ്. കഴിഞ്ഞദിവസം ടി.വി. ചാനലില്‍ നടത്തിയ നൂപുര്‍ ശര്‍മയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍ - പീയുഷ് ഗോയല്‍
കൊച്ചി: പ്രവാചകനിന്ദ നടത്തിയവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും ഇത് സര്‍ക്കാരിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. അവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തു. വിദേശകാര്യ മന്ത്രാലയം വ്യക്തമായ മറുപടി ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഇത് രാജ്യത്തെ ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബഹിഷ്കരണം ഏര്‍പ്പെടുത്തിയതായി അറിയില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണ് -കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം പ്രവാചകനിന്ദ നടത്തിയവര്‍ക്ക് പ്രോത്സാഹനമായെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തെ പീയുഷ് ഗോയല്‍ തള്ളി. വര്‍ഷങ്ങള്‍ക്കുശേഷമാണ് യെച്ചൂരി മൗനംവെടിയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
മതസഹിഷ്ണുത: ഇന്ത്യക്ക് ഉപദേശം വേണ്ടെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മതസഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യക്ക് ഒരു രാജ്യത്തിന്റെയും ഉപദേശം വേണ്ടെന്ന് കോണ്‍ഗ്രസ്. വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ മതനിരപേക്ഷസ്വത്വം നശിപ്പിക്കരുതെന്നകാര്യം ബി.ജെ.പി. തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്വീര് ഷെര്‍ഗില്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരുകള്‍ വരും പോകും. ഇന്ത്യയുടെ വൈവിധ്യംനിറഞ്ഞ സാംസ്കാരികാന്തരീക്ഷം എക്കാലത്തും നിലനില്‍ക്കണം- അദ്ദേഹം പറഞ്ഞു.
രാജ്യം മാപ്പുപറയേണ്ട -യെച്ചൂരി
ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി. വക്താക്കളുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യം മാപ്പുപറയേണ്ടതില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി.യും ഇന്ത്യന്‍സര്‍ക്കാരും ഒന്നല്ല. സര്‍ക്കാര്‍ എല്ലാവരെയും പ്രതിനിധാനംചെയ്യുന്നതാണ്. ബി.ജെ.പി.ക്കാര് ചെയ്തതിന് സര്‍ക്കാര്‍ മാപ്പുപറയേണ്ട ആവശ്യമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പി. ഏറ്റെടുക്കണം -അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോകത്തിന് ഉറപ്പുനല്‍കണമെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകള്‍ യാദൃച്ഛികമല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പാണ് ബി.ജെ.പി. നടത്തുന്നത്. വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള രാഷ്ട്രീയപദ്ധതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി. വക്താക്കള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഡല്‍ഹി നേതൃത്വം ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..