ആക്രമണത്തിന് ഇരയായ കന്യാസ്ത്രീകൾ | Photo; screengrab | mathrubhumi
കൊച്ചി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തിൽ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പ്രത്യേകം അന്വേഷണം നടത്തണമെന്നും ദേശീയ വനിതാ, ന്യൂനപക്ഷ, മനുഷ്യാവകാശ കമ്മീഷനുകളുടെ ഇടപെടലും വേണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.
മാർച്ച് 19 ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ആയിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്. രണ്ട് പേര് സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി. മതം മാറ്റ നിയമപ്രാകാരം കേസെടുക്കാനും നീക്കം നടന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ടുപേര്‍ കൂടെ പോയത്. ജന്മനാ ക്രൈസ്തവ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമണത്തിന് തയ്യാറായെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂക്കിവിളിച്ച് ഒരു സംഘം പിന്തുടര്ന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് രാത്രി വൈകി മോചിപ്പിച്ചത്.
CONTENT hIGHLIGHT: Nun attacked in Train; KCBC protested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..