ചെന്നൈ: രാജ്യത്ത് കോവിഡ്-19 വ്യാപനം ആരംഭിച്ച സമയത്ത് ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു തമിഴ്നാട്ടില്‍ പലര്‍ക്കും. സംസ്ഥാനത്തെ കടുത്ത ചൂടില്‍ കൊറോണ വൈറസ് നിലനില്‍ക്കില്ലെന്ന വിശ്വാസമായിരുന്നു ആത്മവിശ്വാസത്തിന് കാരണം.

വേനല്‍ ഉച്ചസ്ഥായിലെത്തുന്ന കത്തിരിക്കാലത്ത് വൈറസ് വെന്തു വെണ്ണീറാകുമെന്ന് വിചാരിച്ചവരുടെ മേല്‍ ഇടിത്തീ വീണ സ്ഥിതിയാണിപ്പോള്‍. കത്തിരിച്ചൂടിനൊപ്പം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. കത്തിരിക്കാലമെന്ന് അറിയപ്പെടുന്ന മേയ് മാസത്തില്‍  20,000-ല്‍ ഏറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ മരിക്കുകയും ചെയ്തു.

മേയ് തമിഴ്നാടിന് എപ്പോഴും കഠിനമാസമാണ്. സാധാരണ വേനലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെങ്കില്‍ ഇത്തവണ കോവിഡിന്റെ ഊഴമായിരുവെന്ന് മാത്രം.

മാര്‍ച്ച് ഏഴിനാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്; മസ്‌ക്കറ്റില്‍ നിന്ന് മടങ്ങിയ കാഞ്ചീപുരം സ്വദേശിയില്‍. ഏപ്രില്‍ 30 വരെ 2,323 പേര്‍ക്ക് കോവിഡ് ബാധിച്ചത്. ചൂട് ഉയര്‍ന്ന് മേയില്‍ 20,010 പേര്‍ക്ക് കൂടി രോഗം ബാധിച്ചു.

മരണസംഖ്യ 28-ല്‍ നിന്ന് 173-ല്‍ എത്തി. മാസം ആരംഭിക്കുമ്പോള്‍ വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമായിരുന്നു പുതിയ രോഗികളുടെ എണ്ണം 100 കടന്നിരുന്നത്. മേയ് മാസം അവസാനിക്കുമ്പോള്‍ ദിവസം 1,000 പുതിയ രോഗികള്‍ എന്ന സ്ഥിതിയായി.

ചെന്നൈ ജില്ലയില്‍ കഴിഞ്ഞ മാസം മാത്രം 14,000 പുതിയരോഗികളുണ്ടായി. നൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. കോയമ്പേട് ചന്തയില്‍ നിന്ന് രോഗം പടര്‍ന്നതാണ് ചെന്നൈയിലെ വലിയ വ്യാപനത്തിന് കാരണമായത്.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ആശുപത്രികള്‍ നിറഞ്ഞു. ആശുപത്രികളില്‍ കിടക്കയില്ലാതെ വന്നതോടെ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ചവരെ വീടുകളില്‍ സമ്പര്‍ക്ക വിലക്കിലാക്കാന്‍ തീരുമാനിച്ചു.

അടച്ചിടല്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും രോഗവ്യാപനത്തിന് കാര്യമായി കുറവില്ലാത്തത് ഇപ്പോഴും ആശങ്കയ്ക്ക് കാരണമാകുന്നു.

പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കിയിട്ടില്ലെങ്കില്‍ ചെന്നൈയിലെ  രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്ന മുന്നറിയിപ്പുണ്ട്. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നഗരവാസികള്‍ വേണ്ടത്ര ശ്രദ്ധചെലുത്താത്തത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

content highlights: number of covid-19 patients in tamilnadu crosses 20,000