ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.എല്‍). സെപ്റ്റംബര്‍ നാലിനാണ് ആണവ പ്ലാന്റിലെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നും ഉടന്‍തന്നെ വിദഗ്ധര്‍ സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും എന്‍പിസിഐഎല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.കെ.നേമ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായെന്നും ഇത് പ്രധാന കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉള്‍പ്പെട്ടതല്ലെന്നും എ.കെ. നേമ വ്യക്തമാക്കി. എന്തായാലും മുഴുവന്‍ കമ്പ്യൂട്ടര്‍ ശൃംഖലയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആണവ പ്ലാന്റിനെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടംകുളം ആണവപ്ലാന്റില്‍ സൈബര്‍ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാല്‍ ആദ്യം ആണവ പ്ലാന്റിലെ അധികൃതര്‍ ഇത് നിഷേധിക്കുകയും സംഭവം തെറ്റാണെന്ന് വിശദമാക്കി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്.
Content Highlights: nuclear power corporation confirms cyber attack in kudankulam nuclear plant