അഗ്നി -4 (ഫയൽ ചിത്രം) | Photo : PTI
ഭുവനേശ്വർ: ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസൈൽ അഗ്നി 4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷാ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തുന്ന പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണമെന്നും പരീക്ഷണം പൂർണവിജയമായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്നി-4 പാകിസ്താനെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. ഡി.ആര്‍ഡിഒ നിര്‍മിച്ച അഗ്നി-4 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.
കഴിഞ്ഞ വർഷം, അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാന്‍ ശേഷിയുളള അഗ്നി പ്രൈം കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 1000-2000 കിലോമീറ്റര്‍ പരിധിയുളള മിസൈലാണ് അഗ്നി പ്രൈം. ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഐലന്‍ഡിലെ ടെസ്റ്റിങ് ഫെസിലിറ്റിയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..