ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ ഗേറ്റിന് പുറത്ത് എ.ബി.വി.പി. സ്ഥാപിച്ച വീര്‍ സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു. നേതാക്കള്‍ കറുത്ത ചായമടിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് എന്‍.എസ്.യു നേതാക്കള്‍ പ്രകടനമായെത്തി പ്രതിമയില്‍ കറുത്തചായം പൂശുകയും ചെരിപ്പുമാലയിടുകയും ചെയ്തത്. 

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എ.ബി.വി.പി. നേതാവുമായ ശക്തി സിങിന്റെ നേതൃത്വത്തില്‍ എ.ബി.വി.പി. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസിലെ ഗേറ്റിന് മുന്നില്‍  സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. 

പ്രതിമ സ്ഥാപിക്കാനായി സര്‍വകലാശാല അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടും വൈസ് ചാന്‍സലറെ നേരിട്ടുകണ്ടിട്ടും പ്രതികരണമുണ്ടായില്ലെന്നായിരുന്നു എ.ബി.വി.പി.യുടെ വിശദീകരണം. ഇതിനെതുടര്‍ന്നാണ് നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും എ.ബി.വി.പി. നേതാക്കള്‍ പറഞ്ഞിരുന്നു. 

Content Highlights: nsui leaders protest in delhi university campus put shoe garland around savarkar statue