ന്യൂഡല്‍ഹി: ഇസ്രയേലി സോഫ്റ്റ് വെയര്‍ നിര്‍മാണക്കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് കമ്പനിയുടെ നിരവധി ഗവണ്‍മെന്റ് ഉപയോക്താക്കളെ താത്ക്കാലികമായി ബ്ലോക്ക് ചെയ്തു. കമ്പനിയുടെ ഫോണ്‍ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് സ്‌പൈവെയര്‍ ദുരുപയോഗപ്പെടുത്തിയെന്ന ഗുരുതര ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.  

പെഗാസസ് സ്‌പൈവെയര്‍ ദുര്‍വിനിയോഗം ചെയ്തതായി തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് എന്‍എസ്ഒ അന്വേഷണം ആരംഭിച്ചിരുന്നു. കമ്പനിയുടെ ചില ഉപയോക്താക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അവരില്‍ ചിലര്‍ക്ക് നല്‍കി വന്ന സേവനം താത്ക്കാലികമായി മരവിപ്പിച്ചതായും എന്‍എസ്ഒ ഗ്രൂപ്പിന്റെ ചില ഓഫീസുകളില്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തിയതായും എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. 

മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രത്തലവന്മാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷിക്കുന്നതിനും ചോര്‍ത്തുന്നതിനും പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പെഗാസസ് സ്‌പൈവെയറിനെതിരെ ഉയര്‍ന്ന  ആരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ കഴിഞ്ഞയാഴ്ച ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുനഃപരിശോധന നടത്തുമെന്ന് ഇസ്രയേല്‍ സൂചന നല്‍കുകയും ചെയ്തു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഫോണ്‍ ചോര്‍ത്തിയ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ബുധനാഴ്ച പാരിസിലെത്തി. വിഷയം അതീവഗൗരവമായി കാണുന്നതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയെ ഗാന്റ്‌സ് ധരിപ്പിച്ചു. 

ഇന്ത്യയിലും ഫോണ്‍ ചോര്‍ത്തലിലും നിരീക്ഷണത്തിനുമായി പെഗാസസ് സ്‌പൈവെയര്‍ ഉപയോഗപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പെഗാസസ് ഫോര്‍ചോര്‍ത്തലില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്‌. ഇത്‌ ജനങ്ങളുടെ സ്വാതന്ത്രത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്ക്കും വെല്ലുവിളിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ കുറ്റപ്പെടുത്തി. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷപ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

Content Highlights: NSO temporarily blocks access to Pegasus for some government clients