ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ സമിതിയുടെ വിഹിതം പത്തിരട്ടി ഉയര്‍ത്തിയതിനു പിന്നില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിന് ബന്ധമുണ്ടെന്ന് ആരോപണം. സാധാരണ വര്‍ഷങ്ങളിലേതില്‍നിന്ന് വിഭിന്നമായി, പെഗാസസ് ആരോപണം ഉയര്‍ന്ന 2017-'18 കാലയളവില്‍ ദേശീയ സുരക്ഷാ സമിതിയുടെ വിഹിതം 10 ഇരട്ടി വര്‍ധിപ്പിച്ചതായാണ് ആരോപണം. കോണ്‍ഗ്രസും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമാണ് ആരോപണം ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്.

യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 2011-'12-ല്‍ 17.43 കോടി രൂപയാണ് കൗണ്‍സിലിന് ഗ്രാന്റായി നല്‍കിയത്. 2012-'13-ല്‍ ഇത് 20.33 കോടിയും 2013-14 ല്‍ 26.06 കോടിയുമായിരുന്നു. 2014-'15-ല്‍ മോദിസര്‍ക്കാര്‍ വന്നപ്പോള്‍ 44.46 കോടിയും 2016-'17-ല്‍ 33 കോടിയും നല്‍കി.

എന്നാല്‍ 2017-'18-ല്‍ കൗണ്‍സിലിന് കീഴില്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡവലപ്മെന്റ് എന്ന വിഭാഗം ഏര്‍പ്പെടുത്തി ഗ്രാന്റ് തുക പത്തിരട്ടി വര്‍ധിപ്പിച്ച് 333 കോടിയാക്കി. 2021-'22-ല്‍ 228.72 കോടിയും നല്‍കി. ഇങ്ങനെ തുക വര്‍ധിപ്പിച്ച കാലത്താണ് പെഗാസസ് ആരോപണം ഉയര്‍ന്നത് എന്ന കാര്യം എന്താണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ ചോദിച്ചു. ഈ പെട്ടെന്നുള്ള വര്‍ധനയ്ക്കു പിന്നിലെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2017-'18 കാലത്ത് ദേശീയ സുരക്ഷാ സമിതിയുടെ വിഹിതം പെട്ടെന്ന് വര്‍ധിപ്പിച്ചതിനു പിന്നില്‍ പെഗാസസുമായുണ്ടാക്കിയ ഇടപാടാണെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ഈ കാലത്താണ് പെഗാസസ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയ്ക്ക് നൂറുകണക്കിന് കോടി രൂപ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ ദശീയ സുരക്ഷാ സമിതി വിഹിതം 2017-'18 കാലത്ത് പെട്ടെന്ന് വര്‍ധിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ചോദിച്ചു.  സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡവലപ്മെന്റ് എന്ന വിഭാഗം ഉള്‍പ്പെടുത്തി തുക വര്‍ധിപ്പിച്ചത് എന്തിനെന്നും ആ തുക എവിടേക്കാണ് പോയതെന്നും 2014 മുതലുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

Content Highlights: NSCS’ Budget allocation increased 10 times- allegation on Pegasus issue