ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

ഫോറക്‌സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍ വിവിധ വസ്തുവകള്‍ വാങ്ങിയതില്‍ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈ കേസില്‍ കാരണംകാണിക്കല്‍ നോട്ടീസും നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തമ്പി മുഖേന റോബര്‍ട്ട് വദ്ര വിദേശത്ത് വസ്തുവകള്‍ വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും സി.സി. തമ്പിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കഴിഞ്ഞകുറേ നാളുകളായി തമ്പി ഇ.ഡി.യുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.  

Content Highlights: nri businessman cc thampi arrested by enforcement directorate