ദിപ്‌സപുര്‍: 19 ലക്ഷം പേരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള സ്ലിപ്പ് നല്‍കാനൊരുങ്ങി എന്‍ആര്‍സി അതോറിറ്റി.

മാര്‍ച്ച് 20 മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. അന്തിമ പട്ടികയില്‍ നിന്ന് ഒരു വ്യക്തിയുടെ പേര് ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന്  സ്ലിപ്പില്‍ പരാമര്‍ശിക്കും.

നിലവില്‍ ''സ്പീക്കിംഗ് ഓര്‍ഡര്‍'' സ്‌കാന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഏകദേശം 12 ശതമാനം ജോലി കൂടി അവശേഷിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ റെക്കിബുദ്ദീന്‍ അഹമ്മദിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറി വ്യക്തമാക്കി

ഈ ജോലികള്‍ കൂടി പൂര്‍ത്തിയായ ശേഷം, 20/03/2020 മുതല്‍ നിരസിക്കല്‍ സ്ലിപ്പ് പുറപ്പെടുവിക്കാനാണ് പദ്ധതി'' പട്ടോവറി കൂട്ടിച്ചേര്‍ത്തു.

എന്‍ആര്‍സി അപ്ഡേറ്റ് ജോലികള്‍ക്കായി 1,348.13 കോടി രൂപ അനുവദിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അബുല്‍ കലാം റഷീദ് ആലം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 

19,06,657 പേരെ ഒഴിവാക്കി അവസാന എന്‍ആര്‍സി കഴിഞ്ഞ ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചു. 3,30,27,661 അപേക്ഷകരില്‍ ആകെ 3,11,21,004 പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്തിമ എന്‍ആര്‍സി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക്  നിരസിക്കല്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ട്രൈബ്യൂണലുകളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം 60 ദിവസത്തില്‍ നിന്ന് 120 ദിവസമാക്കി നീട്ടിയിരുന്നു. 

നിരസിക്കല്‍ സ്ലിപ്പുകള്‍ നല്‍കുന്നതിനുള്ള താല്‍ക്കാലിക പട്ടികകള്‍ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlight: NRC authority to send NRC rejection slips in Assam