ന്യൂഡല്‍ഹി: അര്‍ബുദം, രക്തസമ്മര്‍ദം, പ്രമേഹം എന്നിവ അടക്കമുള്ളവയ്ക്കുള്ള 54 അവശ്യ മരുന്നുകളുടെ വില 55 ശതമാനത്തോളം കുറയും. വിലക്കുറവ് എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ.) നിര്‍ദേശം നല്‍കി.

സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ക്യാന്‍സറിനുള്ള ടെമോസോളോമൈഡ്, ഹൃദയാഘാതത്തിനുള്ള മരുന്നുകള്‍, ആംലോഡോപിന്‍, റാമിപ്രില്‍ തുടങ്ങിയവയ്ക്കും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ക്കും വില കുറയുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതര രോഗങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുകയാണ് നടപടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എന്‍.പി.പി.എ. ചെയര്‍മാന്‍ ഭൂപിന്ദര്‍ സിങ്ങ് അറിയിച്ചു. അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് 54 മരുന്നുകളും. 

കഴിഞ്ഞ ഡിസംബറിലാണ് വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ എണ്ണം 684 ല്‍ നിന്ന് 875 ആയി ആരോഗ്യമന്ത്രാലയം ഉയര്‍ത്തിയത്. ഇതില്‍ പുതുതായി ഉള്‍പ്പെട്ട 280 മരുന്നുകള്‍ക്ക് എന്‍.പി.പി.എ. വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 15 ദിവസത്തിനുള്ളിലെ രണ്ടാമത്തെ വില പരിഷ്‌കരണമാണിത്. ഏപ്രില്‍ 28 നായിരുന്നു ആദ്യത്തേത്.