ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് അംഗീകൃത കോവിഡ് വാക്സിനുകൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി.

രാജ്യത്ത് അംഗീകാരമുള്ള വാക്സിൻ ആണെങ്കിൽ ഇറക്കുമതി ലൈസൻസ് ലഭിച്ചാൽ ഏത് സ്വകാര്യ കമ്പനികൾക്കും ഈ വാക്സിനുകൾ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ ഉദ്ധരിച്ച് (CDSCO) ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിതരണം ചെയ്യുന്നതിനായി വാക്സിൻ ഇറക്കുമതി ചെയ്യാമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. വാക്സിന് ഇന്ത്യയിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നവരോ വാക്സിൻ നിർമാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസൻസിന് അപേക്ഷിക്കേണ്ടതുണ്ട്.

റഷ്യൻ നിർമിത സ്പുടിനിക് V വാക്സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയിൽ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്സിൻ. റഷ്യയിൽ നിന്ന് ഒന്നരലക്ഷം ഡോസ് വാക്സിൻ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ഡോ റെഡ്ഡീസ് ലബോറട്ടറി അറിയിച്ചിരുന്നു.

content highlights:Now, state governments, companies can directly import approved Covid-19 vaccines