ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും. 

കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പുണെ, റാഞ്ചി എന്നീ നഗരങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

നിലവില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പില്‍ നിന്ന് മാത്രമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്ക് സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Content Highlights: Now Refill LPG cylinder from distributor of your choice