ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാവാക്‌സ് ബുധനാഴ്ച അറിയിച്ചു. ജൂലായ് 30-നാണ് കരാര്‍ ഒപ്പുവെച്ചത്. 

കരാര്‍ കാലയളവില്‍ നോവാവാക്‌സ് കമ്പനിയുടെ കോവിഡ് വാക്‌സിന്റെ  ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണഅവകാശം സെറം കമ്പനിയ്ക്കായിരിക്കും. കൂടാതെ സാമ്പത്തികസ്ഥിതിയില്‍ ലോകബാങ്കിന്റെ പട്ടിക പ്രകാരമുള്ള ഉന്നത-മധ്യവിഭാഗരാജ്യങ്ങളിലും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഒഴികെയുള്ള രാജ്യങ്ങളില്‍ കോവിഡ് കാലഘട്ടത്തിലെ വിതരണത്തിലും സെറം കമ്പനിക്ക് ചില അവകാശങ്ങള്‍ കരാറില്‍ നല്‍കിയിട്ടുണ്ട്. 

നോവാവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി പ്രാഥമികഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതായി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ വിശാലമായ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

Content Highlights: Novavax signs vaccine supply deal with India's Serum Institute