
സുപ്രീം കോടതി | ചിത്രം: മാതൃഭൂമി
ന്യൂഡല്‍ഹി: എന്‍ഐടികള്‍ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാക്കിയ ഡാസ (DASA) സ്കീമിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. മലപ്പുറം വേങ്ങര സ്വദേശിനിയായ വിദ്യാര്‍ഥിനി സല്‍മ ഇക്ബാല്‍ നല്കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്, വിദേശ പൗരന്മാര്, എന്‍ആര്‍ഐ, പിഐഓ, ഓസിഐ വിഭാഗങ്ങളില്‍പെട്ട വിദ്യാഥികള്‍ക്ക് രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ട് പ്രവേശനം ഉറപ്പാക്കുന്നതിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡാസ (DASA) സ്കീം തയ്യാറാക്കിയത്. സ്കീം പ്രകാരം ഇന്ത്യന്‍ സര്‍വകലാശാലകള്‍ അംഗീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ രീതിയിലായിരിക്കണം പന്ത്രണ്ട് വര്‍ഷത്തെ സ്കൂള്‍ പഠനം.
ഡാസ സ്കീമിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ പതിനൊന്ന്, പന്ത്രണ്ട് ക്ളാസ്സുകളില്‍ വിദേശത്തെ സ്കൂളുകളിലായിരിക്കണം പഠിച്ചിരിക്കേണ്ടത്. സ്കീമിലെ ഈ വ്യവസ്ഥ ചോദ്യം ചെയ്താണ് സല്‍മ ഇക്ബാല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സൗദി അറേബിയയിലെ റിയാദില്‍ ജനിച്ച് പത്താം ക്ളാസ് വരെ അവിടെ പഠിച്ച സല്‍മ, പതിനൊന്ന്, പന്ത്രണ്ട് ക്ളാസ്സുകളില്‍ മലപ്പുറത്താണ് പഠനം പൂര്‍ത്തിയാക്കിയത്.
മെഡിക്കല്‍ കോഴ്സുകളിലും മറ്റും എന്‍ആര്‍ഐ സീറ്റുകളിലേക്ക് ഇന്ത്യയില്‍ തന്നെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് ഹര്‍ജികാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് ചൂണ്ടിക്കാട്ടി. ഡാസ സ്കീമിലെ വ്യവസ്ഥ ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര് ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. സല്‍മ നല്കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..