ന്യൂഡൽഹി : സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്. പരിയാരം മെഡിക്കല്‍ കോളേജിനും കോളേജ് പ്രിന്‍സിപ്പലിനും സംസ്ഥാന സര്‍ക്കാരിനുമാണ് നോട്ടീസ്.
പരിയാരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ചില മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങള്‍ പ്രവേശനം നേടി ഒരു വര്‍ഷത്തിന് ശേഷം കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിനാല്‍ സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് മാത്രമേ തങ്ങളില്‍ നിന്ന് ഈടാക്കാവു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കോളേജില്‍ തങ്ങള്‍ പ്രവേശനം നേടുമ്പോള്‍ വാര്‍ഷിക ഫീസ് ആയി നിശ്ചയിച്ചിരുന്നത് 25000 മുതല്‍ രണ്ടര ലക്ഷം രൂപ വരെ ആയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെ ഫീസ് നിര്‍ണ്ണയ സമിതി ഇത് നാലര ലക്ഷമായി ഉയര്‍ത്തി നിശ്ചിയിച്ചു. സര്‍ക്കാര്‍ ഫീസ് അല്ലെങ്കില്‍ പ്രവേശന സമയത്ത് വിദ്യാത്ഥികളോട് പറഞ്ഞിരുന്ന ഫീസ് മാത്രമേ ഈടാക്കാവു എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആര് ബസന്തും അഭിഭാഷകരായ രാകേന്ദ് ബസന്തും ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഉയര്‍ന്ന ഫീസ് താങ്ങാനാകാത്തതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യം അംഗീകരിച്ചില്ല.
content highlights: Notice on Pariyaram medical college case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..