ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടായിരുന്നവര്‍ക്കെല്ലാം വെളുപ്പിക്കാന്‍ കഴിഞ്ഞു. അസാധുവാക്കിയ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ട് അസാധുവാക്കല്‍മൂലം കള്ളപ്പണവും നികിതി അടയ്ക്കാത്ത പണവും നശിപ്പിക്കാനായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അരുണ്‍ഷൂറി എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ചരക്ക് സേവന നികുതി (ജി.എസ്.ടി) ക്കെതിരെയും ഷൂറി വിമര്‍ശം ഉന്നയിച്ചു. സുപ്രധാന നികുതി പരിഷ്‌കരണം മോശമായ രീതിയിലാണ് നടപ്പിലാക്കിയത്. നിബന്ധനകള്‍ മൂന്ന് മാസത്തിനിടെ ഏഴ് തവണ പരിഷ്‌കരിച്ചു. ജി.എസ്.ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പാര്‍ലമെന്റിന്റെ അര്‍ധരാത്രി സമ്മേളനത്തെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിവസത്തേതിന് സമാനമായാണ് പുതിയ നികുതി പരിഷ്‌കരണം നടപ്പാക്കിയത്.

സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ എളുപ്പത്തില്‍ അത് കരകയറില്ലെന്നും അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന ഷൂറി അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ കടുത്ത വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് അരുണ്‍ ഷൂറിയും വിമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇരുവരും ഉന്നയിച്ച ആരോപണങ്ങള്‍ ബി.ജെ.പി നേതൃത്വം തള്ളി. ബി.ജെ.പി നേതൃത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ നിരാശയിലാണ് യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും ആശങ്കയുണ്ടെന്നും ഭയംകൊണ്ട് പലരും പുറത്ത് പറയാത്തതാണെന്നുമുള്ള യശ്വന്ത് സിന്‍ഹയുടെ അഭിപ്രായത്തോട് താനും യോജിക്കുന്നുവെന്നും അരുണ്‍ഷൂറി പറഞ്ഞു.