ന്യൂഡല്‍ഹി: രാജ്യത്ത് ഉത്സവങ്ങളുടെ സീസണ്‍ വരാനിരിക്കെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോള്‍ വളരെക്കാലമായി നമ്മള്‍ വൈറസുമായി പോരാട്ടത്തിലാണ്. ശരിയാണ്, നമുക്ക് ഈ പോരാട്ടത്തില്‍ ക്ഷീണമുണ്ടാകാം പക്ഷേ വൈറസിന സംബന്ധിച്ച് അങ്ങനെയൊരു ക്ഷീണം ഇല്ലെന്ന് മറക്കരുതെന്നാണ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വി.കെ പോളിന്റെ മുന്നറിയിപ്പ്.

വൈറസ് വ്യാപനമുണ്ടായാല്‍ പോലും വാക്‌സിനേഷനിലൂടെ 98 ശതമാനം മരണനിരക്ക് വരെ പിടിച്ചുനിര്‍ത്താനാകുമെന്നും വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും വി.കെ പോള്‍ പറഞ്ഞു. രാജ്യത്തെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കേസുകള്‍ കുറഞ്ഞ പലയിടങ്ങളിലും ഇപ്പോള്‍ വീണ്ടും കേസുകള്‍ കൂടുന്നുവെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ജാഗ്രതയും,വാക്‌സിനേഷനുമാണ് ഈ മാരക വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ആയുധം. ഒരു വാക്‌സിനും നൂറ് ശതമാനം സുരക്ഷിതമല്ലെങ്കിലും വാക്‌സിനേഷനിലൂടെ വൈറസ് ബാധിച്ചാലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്നും വലിയ അളവില്‍ മരണനിരക്ക് പിടിച്ച് നിര്‍ത്താനാകുമെന്നും വി.കെ പോള്‍ പറയുന്നു.

വൈറസുകളുടെ പുതിയ വകഭേദങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം. കൂട്ടം ചേര്‍ന്ന് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Content Highlights: not the time to take covid guards lightly warns centre