Photo | PTI
ജയ്പുര്‍: രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വീണ്ടും രംഗത്ത്. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോത്തിന്റെ നേതാവെന്ന് സച്ചിന്‍ ആരോപിച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സച്ചിന്‍ ചോദിക്കുന്നു.
തനിക്കെതിരേ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു. ബി.ജെ.പി. സര്‍ക്കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കണം. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിന്‍ ആവര്‍ത്തിച്ചു. ഇതിനിടെ സംസ്ഥാനത്ത് സ്വന്തം നിലയില്‍ സച്ചിന്‍ ജന്‍ സംഘര്‍ഷ് യാത്ര പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 11 മുതല്‍ അജ്മീറില്‍നിന്ന് ആരംഭിക്കുന്ന യാത്ര അഞ്ചു ദിവസം നീണ്ടുനില്‍ക്കും. ജയ്പുരിലാണ് അഴിമതി വിരുദ്ധ യാത്ര അവസാനിക്കുക.
ബി.ജെ.പി. ഭരണകാലത്ത് സംസ്ഥാനത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നു. അത് അന്വേഷിക്കാന്‍ ഗെഹ്‌ലോത്ത് തയ്യാറാവുന്നില്ല. ഇത് വസുന്ധര രാജെയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സച്ചിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്റെ നേതൃത്വത്തില്‍ യാത്ര നിശ്ചയിച്ചിരിക്കുന്നത്.
2020-ല്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ കലാപത്തെ അതിജീവിച്ചതായി ഗെഹ്‌ലോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി. നേതാക്കളായ വസുന്ധര രാജെയും മറ്റു രണ്ട് ബി.ജെ.പി. നേതാക്കളും വിമത എം.എല്‍.എമാരുടെ ഈ നീക്കത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ ശക്തിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെയും കൈലാഷ് മേഘ്‌വാളും വിസമ്മതിച്ചുവെന്നായിരുന്നു പരാമര്‍ശം. തന്നെ താഴെയിറക്കാന്‍ അമിത് ഷായില്‍നിന്ന് കൈപ്പറ്റിയ പണം തിരികെ നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സച്ചിന്റെ പരാമര്‍ശം.
എന്നാല്‍, ഗെഹ്‌ലോത്തിന്റെ വാദങ്ങളില്‍ പ്രതികരണവുമായി വസുന്ധര രാജെ രംഗത്തെത്തി. ഗെഹ്‌ലോത്തിന്റെ പുകഴ്ത്തലുകള്‍ തനിക്കെതിരായ ഒരു വലിയ ഗൂഢാലോചനയാണെന്നും പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറികളെത്തുടര്‍ന്ന് അദ്ദേഹം കള്ളം പറയുകയാണെന്നും രാജെ പ്രതികരിച്ചു. 2020-ലാണ് സച്ചിന്‍ പൈലറ്റും 18 കോണ്‍ഗ്രസ് എം.എല്‍.എമാരും ഗെഹ്‌ലോത്ത് സര്‍ക്കാരിനെതിരേ തിരിഞ്ഞത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രതിസന്ധിയില്‍ അയവു വരുത്തി. പിന്നാലെ പൈലറ്റിനെ ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്നും നീക്കം ചെയ്തിരുന്നു.
കൂട്ടിയോജിപ്പാക്കാൻ കഴിയാത്ത തരത്തിലേയ്ക്ക് ഇരു നേതാക്കളും തമ്മിലുള്ള തർക്കം വഴിമാറിയിട്ടും വിഷയം വഷളായിട്ടും കോൺഗ്രസ് നേതൃത്വം രാജസ്ഥാനിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല.
Content Highlights: not sonia, vasundhara raje is gehlot's leader, sachin pilot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..