മനോഹർലാൽ ഖട്ടാർ | Photo: PTI
ന്യൂഡല്‍ഹി: മൂന്നാം ദിവസവും തുടരുന്ന കര്‍ഷക മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സര്‍ക്കാരിനും മുഖ്യമന്ത്രി അമരീന്ദര്‍ സിങിനുമെതിരെ വിമര്‍ശവുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍.
പതിനായിരണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതിന്റെ ഉത്തരവാദികള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ്, പ്രതിഷേധം നയിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കര്‍ഷകര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് വിമര്‍ശനം നേരിടുന്ന ഹരിയാണ പോലീസിന് ഖട്ടാര്‍ നന്ദിപറയുകയാണ് ചെയ്തത്. ' പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാണയിലെ കര്‍ഷകര്‍ സംയമനം പാലിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും സംയമനം പാലിച്ച കർഷകരോടും ഹരിയാണ പോലീസിനോടും നന്ദി പറയുന്നുവെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ മാധ്യമങ്ങളോട് പ്രതീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ താല്പര്യമാണ് കര്‍ഷകപ്രതിഷേധത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നാണ് ഖട്ടാറിന്റെ ആരോപണം. പ്രതിഷേധത്തിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നും ഖട്ടാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ഷകപ്രതിഷേധത്തിനിടെ ചിലര്‍ ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ കാണിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കാര്‍ഷിക മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്-ഹരിയാണ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്പോരും ശക്തിപ്പെടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന കാര്‍ഷിക മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നത് എന്തിനാണെന്നും, ദേശീയപാതയിലൂടെ മാര്‍ച്ചിനെ തുടരാന്‍ അനുവദിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തേയും അമരീന്ദര്‍ അപലിച്ചു. എന്നാല്‍ അമരീന്ദറിനെ ഔദ്യോഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ലെന്നും മഹാമാരിക്കാലത്തും വിലകുറഞ്ഞ രാഷ്ട്രീയ കളികളാണ് പഞ്ചാബ് മുഖ്യമന്ത്രി നടത്തുന്നതെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍ വിമര്‍ശിച്ചു.
Content Highlights: Not Our Farmers, Punjab Responsible For Protest Haryana Chief Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..