ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് വിടുമെന്ന നിലപാട് അമരീന്ദര്‍ ആവർത്തിച്ചത്. അതേസമയം, ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. 

ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും കണ്ടതിന് പിന്നാലെയാണ് അമരീന്ദറിന്റെ പ്രഖ്യാപനം. ഇനിയും അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്ന നിലപാടിലാണ് അമരീന്ദര്‍. പഞ്ചാബില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുവരെ താന്‍ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല. ഒരു പ്രശ്‌നം ഉന്നയിച്ചുകഴിഞ്ഞാല്‍ അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യറാവുന്നില്ലെന്നും അമരീന്ദര്‍ വിമര്‍ശിച്ചു. 

അമിത് ഷായുമായുള്ള നിര്‍ണായകമായ ചര്‍ച്ചയില്‍ കര്‍ഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തുവെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം, അമരീന്ദറിനെ കണ്ടതിന് പിന്നാലെ അജിത് ഡോവല്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Not joining BJP, wont stay in Congress party, says Amarinder Singh