ജയ്പുര്‍: മന്ത്രിയായതു കൊണ്ടാണ് തന്നെ ഇന്ധനവിലവര്‍ധന ബാധിക്കാത്തതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ തനിക്കും സാധാരണ ജനങ്ങളെപ്പോലെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് അത്താവലെ പറഞ്ഞു.

ജയ്പുരില്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അത്താവലെ. വ്യക്തിപരമായി ഇന്ധനവില വര്‍ധന എങ്ങനെ ബാധിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിസ്ഥാനം പോയാല്‍ താനും കഷ്ടപ്പെടുമെന്ന് സരസമായി അദ്ദേഹം മറുപടി നല്‍കി. 

മന്ത്രിമാര്‍ക്ക് ആനുകൂല്യങ്ങളുള്ളതു കൊണ്ട് ഇതൊന്നും ബാധിക്കില്ലെന്നും മറ്റുള്ളവരാണ് കഷ്ടപ്പെടുന്നതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ തീരുവ കുറച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള ശ്രമം നടത്തിവരികയായെന്നും അത്താവലെ പറഞ്ഞു. 

ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അധ്യക്ഷനാണ് രാംദാസ് അത്താവലെ. അദ്ദേഹം കൈകാര്യം ചെയ്യുന്ന നീതിന്യായ,ശാക്തീകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രാജസ്ഥാനില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളും വിവാഹസര്‍ട്ടിഫിക്കറ്റും മറ്റും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷിയുള്ളവര്‍ക്കായി ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.