ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ കോടതിയിലും തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ആരോപണം ഉന്നയിച്ചുകൊണ്ടു നടത്തിയ ട്വീറ്റ് അക്ബറിന്റെ സല്‍പ്പേരിന് പരിഹരിക്കാനാകാത്ത കളങ്കമേല്‍പ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷക ഗീത ലുത്ര കോടതയില്‍ പറഞ്ഞു. 

അക്ബറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സത്യമില്ലെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി. എന്നാല്‍ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 1200ല്‍ അധികം ലൈക്കുകള്‍ നേടിയ ട്വീറ്റ് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതായും അവര്‍ കോടതിയെ അറിയിച്ചു. 

ഡല്‍ഹി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമാര്‍ വിശാല്‍ ആണ് ഹര്‍ജി പരിഗണിച്ചത്. അക്ബറിനോട് ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാന്‍ കോടതി നിർദേശിച്ചു. അദ്ദേഹം കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹത്തിന്റെ വാദം തെളിയിക്കുന്നതിനായി ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക ഗീത ലുത്ര മാധ്യമങ്ങളോട് പറഞ്ഞു. 

മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബറിനെതിരെ വിവിധ മാധ്യമങ്ങളിലെ 16 വനിതാ മാധ്യമപ്രവര്‍ത്തകരാണ് ലൈംഗികാരോപണം ഉന്നയിച്ചത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാല്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Defamatory Tweets Forced Resignation, MJ Akbar, me too