ന്യൂഡല്‍ഹി: കലാപങ്ങള്‍ തടയാന്‍ കോടതികള്‍ക്ക് കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കോടതികള്‍ക്ക് പരിമിതി ഉണ്ട്. ചില സാഹചര്യങ്ങള്‍ കോടതിയുടെ നിയന്ത്രണത്തിനും അപ്പുറത്താണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.  

വിദേഷ്വ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 

ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നത്, ചിലര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത്  കോടതികളാണ്  ഉത്തരവാദികള്‍ എന്ന നിലയിലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് കോടതിക്ക് രംഗ പ്രവേശം ചെയ്യാന്‍ കഴിയുന്നത്. കോടതികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നും അത് വലിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. പത്ത് കലാപ ബാധിതര്‍ നല്‍കിയ റിട്ട് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

ഡല്‍ഹിയില്‍ ഇപ്പോഴും ജനങ്ങള്‍ കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയാണെന്നും ഹര്‍ഷ് മന്ദറും പത്ത് കലാപ ബാധിതരും നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി  ഏപ്രില്‍ 13-ലേക്ക് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നത്.

Content Highlights: Not Equipped to Prevent Such Things, Says CJI SA Bobde on Delhi Violence Plea