ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്ന് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. 

കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോണ്‍ഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവത്തമായി ലഭിച്ച അവകാശമല്ല, പത്ത് വര്‍ഷത്തിനിടെ 90% തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നില്‍ക്കുമ്പോള്‍, പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ-  പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം. രാഷ്ട്രീയത്തിന് നിരന്തര കഠിനാധ്വാനം അത്യാവശ്യമാണെന്നും മമത പറഞ്ഞിരുന്നു. 

content highlights: not divine right of an individual- prasanth kishore jibe at rahul gandhi