Dr Manmohan Singh| Mansukh Mandaviya | Photo: PTI
ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. മന്മോഹന് സിങ്ങിനെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫോട്ടോഗ്രാഫര്‍ക്കൊപ്പം എത്തിയതിനെതിരേ കുടുംബം. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് പകവെക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രാഫറും മുറിയില്‍ കടന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്മോഹന്റെ മകള്‍ ദമന്‍ സിങ് രംഗത്തെത്തി. ദമന്‍ സിങ് എതിര്പ്പുയര്ത്തിയതിനേ തുടര്‍ന്ന് മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോകള്‍ നീക്കി.
മുറിക്ക് പുറത്തുപോകാന്‍ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടെങ്കിലും അമ്മയുടെ നിര്‍ദേശം പാടെ അവഗണിക്കപ്പെട്ടുവെന്ന് ദമന്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ അമ്മ അതീവ ദുഖിതയാണ്. പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. അവര്‍ പ്രായമായ മനുഷ്യരാണ്. അല്ലാതെ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ലെന്നും ദമന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
''എന്റെ അച്ഛന് എയിംസില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹത്തിന് രോഗപ്രതിരോധശേഷി കുറവാണ്. അണുബാധ ഭയന്ന് ആശുപത്രിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയതും ആശങ്ക പ്രകടിപ്പിച്ചതും ഉചിതം തന്നെ. എന്നാല്‍ അപ്പോള്‍ എന്റെ മാതാപിതാക്കള്‍ ഫോട്ടോയ്ക്കായി നില്ക്കാന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. മുറി വിട്ട് പോകണമെന്ന് ഫോട്ടോഗ്രാഫറോട് അമ്മ നിര്‍ദേശിച്ചു. എന്നാല്‍ അവര്‍ അത് അവഗണിച്ചു'. ഈ നടപടി അമ്മയെ ഏറെ വിഷമിപ്പിച്ചെന്നും ദമന്‍ ദി പ്രിന്റ് ഓണ്‍ലൈനോട് പ്രതികരിച്ചു
വെള്ളിയാഴ്ച രാവിലെയാണ് ആരോഗ്യമന്ത്രി എയിംസില്‍ മന്മോഹനെ സന്ദര്‍ശിച്ചത്. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ മന്മോഹന്റെ ഭാര്യയുടെ എതിര്‍പ്പു വകവെക്കാതെ ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിക്ക് എല്ലാം ഫോട്ടോയ്ക്കുള്ള അവസരമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുററപ്പെടുത്തി.
ഇതിനിടെ ഡോ. മന്മോഹന് സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി എയിംസ് അധികൃതര്‍ അറിയിച്ചു. പനി ബാധിച്ച് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. മന്മോഹന് സിങ് വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു.
Content Highlights: ‘Not animals in a zoo’: Manmohan’s daughter says Mandaviya got pix shot in AIIMS despite objection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..