-
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവെച്ചവരെ പാഠം പഠിപ്പിക്കും. നമുക്ക് 20 സൈനികരെ നഷ്ടമായി. എന്നാല്‍, ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ചൈനയ്ക്ക് തക്കതായ മറുപടി നല്‍കും. നയതന്ത്ര തലത്തില്‍ ഇതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം പ്രധാനമാണ്. ഇന്ത്യയുടെ ഒരിഞ്ച് സ്ഥലത്തേക്ക് നോക്കാന്‍ പോലും ഒരാള്‍ക്കും ധൈര്യമുണ്ടാവില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തിരുന്നത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും അതിര്‍ത്തിയിലെ തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയില്‍ വിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുണ്ടായ വീഴ്ചകളില്‍ ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് ഇനി എന്താണ് കേന്ദ്രം ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
content highlights: Nobody Entered Our Borders, Our Posts Have Not Been Occupied - PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..